
അമേരിക്കയിലെ മേരിലാൻഡിലെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ അജ്ഞാതമായ വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് തുറന്നതിനെത്തുടർന്ന് നിരവധി സൈനികർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് ആശങ്കയുണർത്തി. അസ്വസ്ഥത അനുഭവപ്പെട്ട സൈനികരെ ഉടൻതന്നെ മാൽക്കം ഗ്രോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് സൈന്യം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കെട്ടിടം ഒഴിപ്പിക്കാനും സുരക്ഷാ വിഭാഗങ്ങൾ അടിയന്തര നടപടി സ്വീകരിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെഡറൽ അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തി പാക്കറ്റിന്റെ ഉള്ളടക്കം പരിശോധിച്ചു. അപകടകരമായ രാസവസ്തുക്കൾ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്ര ചെയ്യാൻ പതിവായി ഉപയോഗിക്കുന്ന പ്രധാന സൈനിക താവളമാണ് ആൻഡ്രൂസ് ബേസ്. ഇവിടെ സംഭവം സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.











