
എറണാകുളം ജില്ലയിലെ തിരുമാറാടി ലോക്കൽകമ്മിറ്റി അംഗം ആശാ രാജുവിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തമാകുന്നു. ആശാ രാജുവും സിപിഎം പ്രാദേശിക നേതൃത്വവുമായി കഴിഞ്ഞ കുറേകാലമായി തർക്കം നിലനിന്നിരുന്നു. തനിക്കെതിരെ നിലകൊള്ളുന്ന നേതാക്കൾക്കെതിരെ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ആശാ രാജുവിന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണ്ണത്തൂരിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ബുധനാഴ്ച രാത്രിയാണ് ആശ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയുടെ മരണത്തിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. ക്രൂരമായാണ് പാർട്ടി നേതാക്കൾ ഇടപെട്ടതെന്നും നാളെ എൻറെ ജീവൻ തന്നെ അപഹരിക്കപ്പെട്ടേക്കുമെന്നും ആശ രാജുവിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. ഒരു ആനുകൂല്യവും സംഘടനയോട് ചോദിച്ചിട്ടില്ല, ലഭിച്ചത് അനീതി മാത്രമാണെന്നും ആശ വ്യക്തമാക്കുന്നു.
കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭരണം പിടിച്ചെടുത്തതിനെക്കുറിച്ചുമെല്ലാം സംസാരിച്ചു തുടങ്ങിയ ആശ വളരെ വൈകാരികമായാണ് താൻ അനുഭവിച്ച അനീതി വെളിപ്പെടുത്തുന്നത്. ‘നമ്മുടെ ആളുകൾ തന്നെ എന്നെ തോൽപ്പിച്ചു, ചെയ്ത കാര്യത്തിനും ചെയ്യാത്ത കാര്യത്തിനും എന്നെ കുറ്റപ്പെടുത്തി, ലോക്കൽ,ഏരിയ, ജില്ലാ കമ്മിറ്റിയിൽ പരാതി നൽകിയിട്ടുണ്ടെന്നും തൻറെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നും ആശ ശബ്ദസന്ദേശത്തിൽ പറയുന്നു. തൻറെ വീടിൻറെ ഭാഗത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ട കാര്യത്തിലും കടുത്ത അനീതിയാണ് നേരിട്ടതെന്നും ആശ പറയുന്നു.
പരിഹാരം ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ മറ്റു ജനങ്ങളെക്കൂടി അറിയിക്കുമെന്നും ജനങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നിന്നും ഒരു സ്ത്രീയ്ക്കും ഇനിയൊരു മോശം അനുഭവം ഉണ്ടാവരുതെന്നും ആശ പറയുന്നു. വാർത്താസമ്മേളനം നടത്തി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും.
‘താമസിക്കുന്ന വീട്ടിലേക്ക് ഒരു വഴിയില്ല. ആദ്യം വഴി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് ഇല്ലാതാക്കി. മകൻ കുഴഞ്ഞുവീണപ്പോൾ പോലും ഒന്നരമണിക്കൂർ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. 23 ദിവസം ആശുപത്രിയിൽ ഐസിയുവിൽ കഴിഞ്ഞ മകനെ രക്ഷിക്കാനായില്ല, സ്ഥലം വാങ്ങിച്ചു, വഴിക്കായി കാര്യങ്ങൾ സ്വരുക്കൂട്ടി, പക്ഷേ പല കാരണങ്ങൾ പറഞ്ഞ് അപേക്ഷയെല്ലാം തള്ളി. പ്രതീക്ഷയോടെ വർഷങ്ങളോളം നിന്നെങ്കിലും സ്വന്തം പാർട്ടിക്ക് പോലും ഒന്നും ചെയ്തുതരാനായില്ലെന്ന് ആശാ രാജു പറയുന്നു. ആശയുടെ വായിലെ നാക്കിൻറെ കുഴപ്പമാണെന്ന് പറഞ്ഞും ആരോപണങ്ങൾ വന്നു, എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരാതിയായി നൽകാമായിരുന്നു? എന്താണ് കൊടുക്കാത്തത്? മാനസികമായി തന്നെ പീഡിപ്പിക്കുകയാണ്. ഒരേയൊരു മകനെ പോലും നഷ്ടപ്പെട്ടു, എന്നിട്ടും പീഡനം തുടരുകയാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
‘പാർട്ടിക്കുവേണ്ടി നിൽക്കുന്ന കുടുംബങ്ങളെ പോലും സംരക്ഷിക്കാൻ കഴിയാതിരിക്കുന്നത് എന്തൊരു ഗതികേടാണ്, പഞ്ചായത്ത് എല്ലാ റോഡുകളും ചെയ്തുകൊടുത്തപ്പോൾ ഈ റോഡിനു മാത്രം പണം അനുവദിച്ചില്ല, പതിനഞ്ചു വർഷമായി എൻറെ ഇരുചക്രവാഹനം അയൽവീട്ടിലാണ് വയ്ക്കുന്നത്, ഗ്യാസ് സിലിണ്ടർ ചുമന്ന് കൊണ്ടുവരണം, പത്തുവർഷക്കാലമായി എൽഡിഎഫ് ഭരിച്ചിട്ടുപോലും എനിക്ക് രക്ഷയുണ്ടായില്ല, എൻറെ കുടുംബാംഗങ്ങളെല്ലാം പാർട്ടി അംഗത്വമുള്ളവരാണ്, എന്നിട്ടും എന്തിനാണ് എന്നോടിത്ര വിരോധമെന്നാണ്് അറിയേണ്ടതെന്നും ആശ ഓഡിയോ സന്ദേശത്തിൽ ചോദിക്കുന്നു.











