12:28am 24 July 2026
NEWS
എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ
23/07/2026  06:27 PM IST
nila
എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള യാത്രയുമായി ബന്ധപ്പെട്ട ആക്രമണക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. എസ്‌ഐടി അന്വേഷണ റിപ്പോർട്ടും അജിത് കുമാർ നൽകിയ വിശദീകരണവും ഉൾപ്പെടുത്തിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സസ്‌പെൻഷൻ തീരുമാനമായത്.

കേസ് ഡയറിയിൽ തിരുത്തൽ നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് താൻ ഓഫീസിലല്ല, വയനാട്ടിലെ ഉരുള്‍പൊട്ടൽ രക്ഷാപ്രവർത്തനത്തിലായിരുന്നുവെന്നാണ് അജിത് കുമാർ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസംഘം മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

അജിത് കുമാർ വയനാട്ടിലായിരുന്ന സമയത്ത് എഡിജിപി ഓഫീസിലെ ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രേഖകളിൽ തിരുത്തൽ വരുത്തിയെന്നാണ് എസ്‌ഐടി റിപ്പോർട്ട്. ഡിവൈഎസ്‌പിയെയും എസ്‌ഐയെയും ഓഫീസിൽ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് അടങ്ങിയ പെൻഡ്രൈവ് കൈമാറുകയും ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് അതേ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും എഡിജിപിയുടെ ഓഫീസ് ഉറപ്പാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, അഗ്‌നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ ഈ മാസം 31ന് വിരമിക്കുന്നതോടെ അജിത് കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന വിലയിരുത്തലുകൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അപ്രതീക്ഷിത നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img