09:00am 04 May 2026
NEWS
സസ്‌പെൻഷൻ 'കളക്ടർ' ബ്രോ; ഒന്ന് തീരും മുൻപേ അടുത്തത്, സർക്കാരിനെ ചൊടിപ്പിച്ച് പുസ്തക പ്രകാശനം
04/05/2026  07:45 AM IST
സുരേഷ് വണ്ടന്നൂർ
സസ്‌പെൻഷൻ കളക്ടർ ബ്രോ; ഒന്ന് തീരും മുൻപേ അടുത്തത്, സർക്കാരിനെ ചൊടിപ്പിച്ച് പുസ്തക പ്രകാശനം

​തിരുവനന്തപുരം: ഒന്നര വർഷമായി തുടരുന്ന സസ്‌പെൻഷൻ കാലാവധി അവസാനിക്കാൻ കാത്തുനിൽക്കാതെ, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ വീണ്ടും സർക്കാർ നടപടി. സർക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതും പരസ്യമായി വിമർശനം ഉന്നയിച്ചതുമാണ് പുതിയ സസ്‌പെൻഷന് കാരണമായത്. പ്രശാന്തിനെതിരെയുള്ള എട്ടാമത്തെ അച്ചടക്ക നടപടിയാണിത്.
​നടപടിക്ക് പിന്നിൽ:
റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിൽ പ്രശാന്ത് നടത്തിയ പ്രസംഗമാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും, കേരളത്തിലെ അഴിമതികൾ കമ്മീഷൻ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൂടാതെ, സസ്‌പെൻഷനിലായ മറ്റൊരു ഉദ്യോഗസ്ഥൻ ഡോ. ബി. അശോകുമായി നടത്തിയ അഭിമുഖവും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
​പ്രതികരണവുമായി പ്രശാന്ത്:
പുതിയ സസ്‌പെൻഷൻ വാർത്തയോടും തനതായ ശൈലിയിലാണ് പ്രശാന്ത് പ്രതികരിച്ചത്. നടൻ സലിംകുമാറിന്റെ പ്രശസ്തമായ 'എന്തുകാര്യത്തിന്' എന്ന അടിക്കുറിപ്പുള്ള ട്രോൾ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്. സസ്‌പെൻഷൻ നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാരിനുള്ളിലെ ഒരു പ്രത്യേക ലോബിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
​അസോസിയേഷന്റെ പ്രതിഷേധം:
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തിരക്കിട്ട് ഇത്തരമൊരു നടപടി എടുത്തത് പ്രതികാര ബുദ്ധിയോടെയാണെന്ന് ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക് വിമർശിച്ചു. നിലവിലെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് എട്ടാമത്തെ അച്ചടക്ക നടപടി പ്രശാന്തിനെ തേടിയെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img