
ചെങ്ങന്നൂർ: മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിൽ.
തിരുവല്ല തുകലശ്ശേരിൽ പൂമംഗലം വീട്ടിൽ ശരത് പി. എസി (40) നെയാണ് വെൺമണി പോലീസിന്റെ പിടിയിലായത്. എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിൽ നിന്നും ഏകദേശം 100 വർഷം പഴക്കമുള്ള 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ. ജെ യുടെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ രാജേഷ്. പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നാൽപ്പതോളം മോഷണ കേസിൽ ഉൾപ്പെട്ട ഇയാൾ ഒക്ടോബർ മാസം പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ മോഷണ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നും ജാമ്യത്തിൽ കഴിഞ്ഞു വരികെയായിരുന്നു. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവെച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വെൺമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് ബാബു .ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്.വി, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ എസ് , വിശാഖ് തമ്പി, ആകാശ് കൃഷ്ണൻ, എന്നിവർ ചേർന്ന സംഘമാണ് പത്തനംതിട്ട കുരമ്പാലയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.











