
നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി അധികാരമേൽക്കും. നേപ്പാൾ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസാണ് 73കാരിയായ സുശീല കാർക്കി. ഇന്ന് രാത്രി 9 മണിക്കാണ് സത്യപ്രതിജ്ഞ. നേപ്പാൾ പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് പുതിയ ഇടക്കാല പ്രധാനമന്ത്രിക്കായി തിരക്കിട്ട കൂടിയാലേചനകൾ ആരംഭിച്ചത്. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് ജെൻ–സീ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ രംഗത്തുള്ളവർ തൽക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിതയാണ് സുശീല കാർക്കി. നേപ്പാളിൽ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ ചീഫ് ജസ്റ്റിസായ ഏക വനിത തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് പ്രതിഷേധക്കാർ നിലപാടെടുത്തതത്.
സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭത്തെ തുടർന്നാണ് ശർമ്മ ഒലിയുടെ കമ്യൂണിസ്റ്റ് സർക്കാർ രാജിവച്ചത്.











