05:02am 22 April 2025
NEWS
വനിതാ താരങ്ങളെ ‘തൊടില്ലെന്ന’ കാര്യം എന്തുകൊണ്ട് മുൻകൂട്ടി അറിയിച്ചില്ലെന്ന ചോ​ദ്യവുമായി സൂസൻ പോൾഗർ
30/01/2025  07:54 AM IST
nila
 വനിതാ താരങ്ങളെ ‘തൊടില്ലെന്ന’ കാര്യം എന്തുകൊണ്ട് മുൻകൂട്ടി അറിയിച്ചില്ലെന്ന ചോ​ദ്യവുമായി സൂസൻ പോൾഗർ

ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവിന്റെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. സംഭവം വിവാദമായതോടെ മതപരമായ വിശ്വാസങ്ങൾ കാരണം അന്യസ്ത്രീകളെ സ്പർശിക്കില്ലെന്ന വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രം​ഗത്തെത്തിയിരുന്നു. എന്നാൽ, അന്യസ്ത്രീകളെ സ്പർശിക്കില്ലെന്ന വിശ്വാസം സംഘാടകരെയോ മറ്റു കളിക്കാരെയോ മുൻകൂട്ടി അറിയിക്കണമായിരുന്നു എന്നാണ് ഹംഗറി–യുഎസ് താരം സൂസൻ പോൾഗർ ചൂണ്ടിക്കാട്ടുന്നത്.  യാക്കുബോയെവിന്റെ വിശദീകരണത്തിൽ തനിക്കു പ്രശ്നമൊന്നും തോന്നുന്നില്ലെന്നും മുൻ ലോക ചെസ് ചാംപ്യനും ഒളിംപ്യാഡ് ജേതാവുമായിരുന്ന സൂസൻ പോൾഗർ വ്യക്തമാക്കി. 

സമൂഹ​ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സൂസൻ പോൾഗർ തന്റെ നിലപാട് വ്യക്തമാക്കുന്നത്. സൂസൻ പോൾഗർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 

‘‘ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാണ്: മതപരമായ കാരണമെന്ന വിശദീകരണത്തിൽ എനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ല. എന്റെ ഈ നിലപാടിനോട് വിയോജിപ്പുള്ളവരുണ്ടാകും. പക്ഷേ, തന്റെ ഈ ശൈലിയെക്കുറിച്ച് അദ്ദേഹം സംഘാടകരെയും ചീഫ് ആർബിറ്റർ, എതിരാളികളായ വനിതാ താരങ്ങൾ എന്നിവരിൽ ഒരു കൂട്ടരെയും അറിയിക്കേണ്ടതായിരുന്നു. ഇതൊരു ഓപ്പൺ സ്വിസ് ടൂർണമെന്റല്ല. എതിരാളികളുടെ കൂട്ടത്തിൽ നാല് വനിതാ താരങ്ങളുമുണ്ടാകുമെന്ന് മുൻകൂട്ടി അറിയാവുന്ന ടൂർണമെന്റാണിത്. അതുകൊണ്ട് ഇക്കാര്യം മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു. അല്ലാത്ത പക്ഷം വിമർശനങ്ങൾ പ്രതീക്ഷിച്ചേ തീരൂ’.

നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് യാക്കുബോയെവ് വിവാദം സൃഷ്ടിച്ചത്.‍ വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഇതോടെയാണ്, മതപരമായ കാരണങ്ങളാൽ അന്യസ്ത്രീകളെ സ്പർശിക്കാറില്ലെന്നും അതുകൊണ്ടാണ് ഹസ്തദാനം ഒഴിവാക്കിയതെന്നും താരം വിശദീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img