
കാൻബെറ: ഓസ്ട്രേലിയൻ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയ്‌ലിനെ നിയമിച്ചു. ഓസ്ട്രേലിയൻ കരസേനയുടെ ആദ്യത്തെ വനിതാ മേധാവിയാണ് സൂസൻ കോയ്‌ൽ. ഓസ്ട്രേലിയയുടെ സൈനിക ചരിത്രത്തിൽ പുതിയ അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. 30 വർഷത്തിലേറെ സേവനപരിചയമുള്ള കോയ്ൽ, നിലവിലെ ചീഫ് സൈമൺ സ്റ്റുവർട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് എത്തുന്നത്. ജൂലൈയിൽ അവർ ഔദ്യോഗികമായി ചുമതലയേൽക്കും.
ഇതോടൊപ്പം, നിലവിലെ നേവി ചീഫ് മാർക്ക് ഹാമ്മണ്ടിനെ പ്രതിരോധ സേനയുടെ മേധാവിയായി ഉയർത്തിയതും പുനഃസംഘടനയിലെ പ്രധാന തീരുമാനമാണ്. പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് ഈ നിയമനങ്ങളെ “ചരിത്രപരമായ നീക്കം” എന്നാണ് വിശേഷിപ്പിച്ചത്. സൈന്യത്തെ നയിക്കാൻ 'ഏറ്റവും കഴിവുറ്റ വ്യക്തി' എന്നാണ് സൂസൻ കോയ്‌ലനെ മന്ത്രി വിശേഷിപ്പിച്ചത്.
1987-ൽ ആർമി റിസർവിൽ ചേർന്ന കോയ്ൽ, 1992-ൽ ഓഫീസറായി സേവനം ആരംഭിച്ചു. മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മേഖലകളിലെ പ്രധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇൻഫർമേഷൻ വാർഫെയർ, സൈബർ, സ്പേസ് വിഭാഗങ്ങളിലും അവർ പ്രധാന ചുമതലകൾ വഹിച്ചു.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. “നിങ്ങൾക്ക് കാണാൻ കഴിയാത്ത ഒന്നായി മാറാൻ കഴിയില്ല” എന്ന കോയ്‌ലിന്റെ വാക്കുകൾ ഉദ്ധരിച്ച് മന്ത്രി മാർലെസ്, ഈ നേട്ടം ഭാവിയിലെ വനിതാ സൈനികർക്കു പ്രചോദനമാകുമെന്ന് പറഞ്ഞു. താൻ സൈന്യത്തിൽ ചേർന്നപ്പോൾ സ്ത്രീകൾ വെറും 10ശതമാനം മാത്രമായിരുന്നുവെന്നും ഇപ്പോൾ നിരവധി ഉയർന്ന നിലകളിൽ സ്ത്രീകൾ എത്തിയിട്ടുണ്ടെന്നും കോയ്ൽ വ്യക്തമാക്കി. ഈ മാറ്റം പ്രതിരോധ മേഖലയിലെ സമത്വത്തിനുള്ള വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.










