09:36am 15 September 2026
NEWS
നഴ്സിങ് പഠിക്കാൻ ബെം​ഗളുരുവിലെത്തിയ സൂര്യ അജ്മലിനൊപ്പം ഡൽഹിയിലേക്ക് പോയത് വീട്ടുകാർ അറിയാതെ; യുവതിയുടെ ഫ്ലാറ്റിൽ എംഡിഎംഎ ഫാക്ടറിയും; ആഴ്ച്ചതോറും കേരളത്തിലേക്ക് അയച്ചത് കോടികളുടെ രാസലഹരി
15/09/2026  08:05 AM IST
nila
നഴ്സിങ് പഠിക്കാൻ ബെം​ഗളുരുവിലെത്തിയ സൂര്യ അജ്മലിനൊപ്പം ഡൽഹിയിലേക്ക് പോയത് വീട്ടുകാർ അറിയാതെ; യുവതിയുടെ ഫ്ലാറ്റിൽ എംഡിഎംഎ ഫാക്ടറിയും; ആഴ്ച്ചതോറും കേരളത്തിലേക്ക് അയച്ചത് കോടികളുടെ രാസലഹരി

മലപ്പുറം കേന്ദ്രീകരിച്ച് നടന്ന വൻ എംഡിഎംഎ വേട്ടയിൽ അറസ്റ്റിലായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി സൂര്യയുടെ ജീവിതകഥ അന്വേഷണ സംഘത്തെയും ഞെട്ടിച്ചു. നഴ്‌സിങ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ 23കാരി പിന്നീട് ലഹരിമരുന്ന് സംഘത്തിന്റെ വലയിലാകുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെയാണ് സൂര്യ നോയിഡയിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരുവിലാണ് താനെന്നാണ് വീട്ടുകാരോട് സൂര്യ പറഞ്ഞിരുന്നത്. എന്നാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നോയിഡയിലെത്തിയ യുവതി അവിടെ ആൺസുഹൃത്തായ മലപ്പുറം സ്വദേശി അജ്മലിനൊപ്പം താമസിക്കുകയായിരുന്നു. സൂര്യയുടെ പേരിലുണ്ടായിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ നിർമാണത്തിനും പാക്കിങ്ങിനും ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഉൾപ്പെടെ കണ്ടെത്തിയത്.

അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നോയിഡയിലെ ഫ്ലാറ്റിൽനിന്ന് ആഴ്ചതോറും കേരളത്തിലേക്ക് ഏകദേശം 10 കിലോ എംഡിഎംഎ കടത്തിയിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപനയുടെ മറവിലായിരുന്നു ലഹരിമരുന്ന് കേരളത്തിലെത്തിച്ചിരുന്നത്.

മേയിൽ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സൂര്യയിലേക്കും അജ്മലിലേക്കും എത്തിയത്. നോയിഡയിലെ ഫ്ലാറ്റിൽനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലിൽ മലപ്പുറത്ത് 13 കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ പ്രധാന ആസൂത്രകനാണ് അജ്മലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നാലുമാസത്തിനിടെ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം അഞ്ച് കോടി രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി.

ഫ്ലാറ്റിൽനിന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, പാക്കിങ് കവറുകൾ, നിരവധി എടിഎം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു. ഡൽഹിയിൽനിന്ന് കാറിൽ കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായി മാറിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിമരുന്ന് ശൃംഖലയുടെ വ്യാപ്തി എത്രത്തോളമെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img