
കർണാടകം: ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി ഏറ്റവും അവസാനം മുന്നോട്ടുവന്നിരിക്കുന്നത് സി പി യോഗേശ്വറാണ്. ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന് ശിവകുമാറിന്റെ സഹായത്തോടെ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ നേതാവാണ് യോഗേശ്വർ. ജെഡിഎസ്സ് നേതാവ് കുമാരസ്വാമി കൈവശം വെച്ചുപോന്ന മണ്ഡലമാണ് ശിവകുമാറും യോഗേശ്വറും ചേർന്ന് പിടിച്ചെടുത്തത്. " ബംഗളുരു സൗത്ത് ജില്ലയിലെ എല്ലാ എംഎൽഎമാരും ആഗ്രഹിക്കുന്നത് ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നാണ്. ജില്ലയിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ആ അഭ്യർത്ഥന ഹൈക്കമാണ്ട് ചെവിക്കൊള്ളണം. ഞാൻ മന്ത്രിയാകുന്നതിനേക്കാൾ എനിക്ക് പ്രധാനം ഡി കെ മുഖ്യമന്ത്രിയാകുന്നതാണ്" മുൻമന്ത്രിയും മുൻ സിനിമാതാരവുമായ യോഗേശ്വർ പറഞ്ഞു. നേതൃമാറ്റ ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല വീണ്ടും ബംഗളുരുവിലെത്തി എം എൽ എ മാരെ കാണുന്നുണ്ട്. എന്നാൽ എം എൽ എ മാരുമായി ചർച്ചചെയ്യുന്നത് നേതൃമാറ്റമല്ല, വികസനകാര്യങ്ങളാണെന്നാണ് അദ്ദേഹം ആവർത്തിച്ച് മാധ്യമങ്ങളോട് പറയുന്നത്. ഡൽഹിയിലെത്തിയ ഡി കെ ശിവകുമാർ വ്യക്തമാക്കിയത് മുഖ്യമന്ത്രിസ്ഥാനം ഇപ്പോൾ ഒഴിവില്ല, അതിനാൽ അത് ചർച്ചാവിഷയവുമല്ല എന്നാണ്. കേന്ദ്രമന്ത്രിമാരെ കാണാനാണ് ഡി കെ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണാനായി ഇന്ന് ഡൽഹിയിലെത്തുന്നുണ്ട്. പുതിയ കർണാടകഭവനിൽ മുഖ്യമന്ത്രിയ്ക്കായുള്ള സ്യൂട്ടിലാണ് ഡി കെ താമസിക്കുന്നത്. കഴിഞ്ഞ തവണ സിദ്ധരാമയ്യ താമസിച്ചത് ഈ സ്യൂട്ടിലായിരുന്നു. അദ്ദേഹത്തിന് ഈ സ്യൂട്ട് ഇഷ്ടമായില്ലെന്നും ഇത്തവണ പഴയ കെട്ടിടത്തിലെ മുറി തന്നെ മതിയെന്നും സിദ്ധരാമയ്യ അറിയിച്ചതിനാലാണ് പുതിയ സ്യൂട്ട് ശിവകുമാറിന് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. സിദ്ധരാമയ്യയും ഡി കെയും രാഹുൽഗാന്ധിയെ കാണുന്നുണ്ട്. നേതൃമാറ്റത്തെ ക്കുറിച്ചുള്ള അന്തിമതീരുമാനം രാഹുൽഗാന്ധിയുടേതായിരിക്കും. കോൺഗ്രസ്സിന്റെ ദേശീയ ഒ ബി സി കൗൺസിൽ അംഗമായി സിദ്ധരാമയ്യയെ ഹൈക്കമാണ്ട് നിയോഗിച്ചിട്ടുണ്ട്. ഈ മാസം പതിനഞ്ചിന് ദേശീയ ഒബിസി കൗൺസിൽ യോഗവും സമ്മേളനവും സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ബംഗളുരുവിലാണ് നടക്കുക. രാഹുൽഗാന്ധി അതിഥിയായി പങ്കെടുത്തേക്കും. ഡി കെയുടെ അനുയായികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതൃമാറ്റത്തിനുള്ള സാധ്യത വിരളമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Photo Courtesy - Google











