05:07pm 27 November 2026
NEWS
ജീവിതച്ചെലവിന്റെ കുതിപ്പ്; തൊഴിലാളികളുടെ വരുമാനം പിന്നിൽ
ബംഗളൂരുവിൽ ഒരാൾക്ക് ജീവിക്കാൻ മാസം 41,750 രൂപ വേണം; കുറഞ്ഞ വേതനം 24,000 രൂപ മാത്രം

27/11/2026  12:11 PM IST
വിഷ്ണുമംഗലം കുമാർ
ജീവിതച്ചെലവിന്റെ കുതിപ്പ്; തൊഴിലാളികളുടെ വരുമാനം പിന്നിൽ ബംഗളൂരുവിൽ ഒരാൾക്ക് ജീവിക്കാൻ മാസം 41,750 രൂപ വേണം; കുറഞ്ഞ വേതനം 24,000 രൂപ മാത്രം


ബംഗളൂരു:  രാജ്യത്തെ പ്രധാന ഐ.ടി നഗരവും സാമ്പത്തിക വളർച്ചയുടെ കേന്ദ്രവുമായ ബംഗളൂരുവിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ചെലവേറിയതാകുന്നു. നഗരത്തിൽ ഒരാൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി മാന്യമായി ജീവിക്കാൻ പ്രതിമാസം 41,750 രൂപയെങ്കിലും വേണമെന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തൽ. എന്നാൽ സർക്കാർ വിജ്ഞാപനം ചെയ്ത കുറഞ്ഞ വേതനം ഏകദേശം 24,000 രൂപ മാത്രമാണ്. ജീവിതച്ചെലവും തൊഴിലാളികളുടെ വരുമാനവും തമ്മിലുള്ള ഈ വലിയ അന്തരം നഗരത്തിലെ തൊഴിൽമേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
(37 നഗരങ്ങളിൽ പഠനം)
രാജ്യത്തെ 37 നഗരങ്ങളിലെ ജീവിതച്ചെലവും തൊഴിലാളികൾക്ക് ലഭിക്കുന്ന കുറഞ്ഞ വേതനവും താരതമ്യം ചെയ്താണ് പഠനം തയ്യാറാക്കിയത്. കൊൽക്കത്ത ആസ്ഥാനമായ അക്കാദമിക് ഫോറമായ ഫാക്ട് ഓർ വാല്യൂ (Fact or Value) നടത്തിയ പഠനത്തിന് ദിവൻ നാഗ്പാലാണ് നേതൃത്വം നൽകിയത്. മുംബൈയാണ് ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള നഗരം. ഇവിടെ പ്രതിമാസ ചെലവ് 58,578 രൂപയാണ്. 41,750 രൂപയുമായി ബംഗളൂരു രണ്ടാം സ്ഥാനത്താണ്.
(ഭക്ഷണം, താമസം, യാത്ര)
ഭക്ഷണം, വസ്ത്രം, താമസം, ഇന്ധനം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകളാണ് പഠനത്തിൽ കണക്കിലെടുത്തത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ വിലവിവരങ്ങളും 2023-24 ലെ ഗാർഹിക ഉപഭോഗ സർവേയും ഉപയോഗിച്ചാണ് ഭക്ഷ്യച്ചെലവ് നിർണയിച്ചത്. നഗരത്തിലെ താഴ്ന്ന വരുമാനക്കാരും തൊഴിലാളികളും താമസിക്കുന്ന മേഖലകളിലെ വാടകയും കണക്കിലെടുത്തിട്ടുണ്ട്.
1957-ലെ 15-ാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും 1991-ലെ സുപ്രീംകോടതിയുടെ റെപ്റ്റാക്കോസ് ബ്രെറ്റ് കേസിലെ നിർദേശങ്ങളും പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചു.
(തൊഴിലാളികളിൽ ഭൂരിഭാഗത്തിനും വരുമാനം കുറവ്)
ബംഗളൂരുവിലെ തൊഴിൽ ചെയ്യുന്നവരിൽ 59.9 മുതൽ 74.6 ശതമാനം വരെ ആളുകൾക്ക് പഠനം കണക്കാക്കിയ ജീവിതച്ചെലവിനേക്കാൾ കുറഞ്ഞ വരുമാനമാണുള്ളതെന്നാണ് കണ്ടെത്തൽ. നഗരത്തിലെ തൊഴിലാളികളിൽ ഒരു വിഭാഗത്തിന് പ്രതിമാസം 10,000 രൂപയിൽ താഴെയാണ് വരുമാനം. അഞ്ച് മുതൽ ഒമ്പത് ശതമാനം വരെ തൊഴിലാളികൾ ഈ വിഭാഗത്തിൽപ്പെടുന്നു.
മൈസൂരുവിൽ ഒരാൾക്കുള്ള പ്രതിമാസ ജീവിതച്ചെലവ് 31,250 രൂപയും മംഗളൂരുവിൽ 32,999 രൂപയുമാണ്. ഈ നഗരങ്ങളിലും തൊഴിലാളികളുടെ വരുമാനവും ജീവിതച്ചെലവും തമ്മിൽ വലിയ അന്തരമുണ്ട്.
(കുറഞ്ഞ വേതനം ഉയർത്തണമെന്ന ആവശ്യം)
കർണാടകയിൽ 2022-23 മുതൽ മുടങ്ങിക്കിടന്ന കുറഞ്ഞ വേതന പരിഷ്കരണത്തിന് 2026 മേയിൽ സർക്കാർ വിജ്ഞാപനത്തിലൂടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വ്യവസായ-വാണിജ്യ മേഖലകളിൽനിന്ന് ഇതിനെതിരെ എതിർപ്പുയർന്നതോടെ വിഷയത്തിൽ വീണ്ടും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ പരിശോധിക്കാൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ജീവിതച്ചെലവിനനുസരിച്ച് കുറഞ്ഞ വേതനം നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാക്കാൻ പഠനം സഹായിക്കുമെന്ന് എഐടിയുസി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. വേതനം വർധിപ്പിക്കുകയോ ഭക്ഷണം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് കൂടുതൽ സർക്കാർ സഹായം ഉറപ്പാക്കുകയോ വേണമെന്നാണ് പഠനം മുന്നോട്ടുവയ്ക്കുന്ന നിർദേശം.
സാമ്പത്തിക വളർച്ചയിലും സാങ്കേതിക മുന്നേറ്റത്തിലും രാജ്യത്തിന് മാതൃകയാകുന്ന ബംഗളൂരുവിൽ തന്നെ തൊഴിലാളികൾക്ക് അടിസ്ഥാന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നത് ഗൗരവമായ സാമൂഹിക പ്രശ്നമാണ്. നഗരവികസനത്തിന്റെ നേട്ടങ്ങൾ സാധാരണ തൊഴിലാളികളുടെ ജീവിതത്തിലും പ്രതിഫലിക്കണമെങ്കിൽ ജീവിതച്ചെലവിന് അനുസൃതമായ വേതനനിർണയം അനിവാര്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img