02:00am 13 September 2026
NEWS
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങി; യൂറോളജി വിഭാഗം മേധാവി പ്രതിഷേധിച്ചു
29/06/2025  09:20 AM IST
സുരേഷ് വണ്ടന്നൂർ
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങി; യൂറോളജി വിഭാഗം മേധാവി പ്രതിഷേധിച്ചു

തിരുവനന്തപുരം: ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെതിരെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രൂക്ഷ വിമർശനവുമായി രംഗത്ത്. "എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചതോടെ വിഷയം വിവാദമായി.

രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും പലതവണ അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്നും, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നെന്നും ഡോ. ഹാരിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 41,000 രൂപ വിലയുള്ള ഒരു ഉപകരണം വാങ്ങാൻ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (HDS) ഓഫീസിൽ കത്ത് നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മകന്റെ പ്രായമുള്ള ഒരു യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങിയതും അദ്ദേഹത്തെ വൈകാരികമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചു.

ഡോക്ടറുടെ പ്രതികരണം വിവാദമായതോടെ ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെട്ടു. ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥൻ അദ്ദേഹത്തോട് വിശദീകരണം തേടുകയും, അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാൻ നീക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധികൾ വിശദീകരിക്കുന്ന രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ ഡോ. ഹാരിസ് പിൻവലിച്ചെങ്കിലും, നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ജോലി മടുത്തെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചു.
അതേസമയം, എച്ച്.ഡി.എസ് ഓഫീസിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം വാങ്ങാനുള്ള നടപടികൾ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായും, എച്ച്.ഡി.എസ് ചെയർമാനായ ജില്ലാ കളക്ടറുടെ അനുമതിക്കായി ഫയൽ കൈമാറിയതായും വിവരമുണ്ട്.

മന്ത്രിയുടെ പ്രതികരണം:

ആരോഗ്യ മന്ത്രി വീണാ ജോർജ് കൊച്ചിയിൽ വെച്ച് വിഷയത്തിൽ പ്രതികരിച്ചു. ഡോക്ടറുടെ വെളിപ്പെടുത്തൽ ചെറിയ കാര്യമല്ലെന്നും, വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് മാസത്തിൽ 300-ൽ പരം ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്നും, ഇന്നലെ മൂന്ന് ശസ്ത്രക്രിയകൾ നടക്കുകയും നാലാമത്തേത് മുടങ്ങുകയുമായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഈ വിഷയമൊന്നും തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും, വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്തുകൊണ്ട് ഈ വിവരങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തില്ല തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ഡി.എം.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img