01:01pm 09 December 2024
NEWS
ഒടുവിൽ സുരേഷ്ഗോപി സഹമന്ത്രിയായി,
ടൂറിസത്തിൽ പ്രതീക്ഷ, പെട്രോളിൽ ആശങ്ക !

11/06/2024  03:49 PM IST
News Desk
പെട്രോൾ ഇങ്ങ് എടുക്കുവാ ....
HIGHLIGHTS

ടൂറിസം രംഗത്ത് നിരവധി പദ്ധതികൾ കൊണ്ടുവരാൻ സുരേഷ് ഗോപിക്ക് സാധിക്കും എന്നത് ആശ്വാസകരമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന ബ്രാന്റിംഗ് കൂടുതൽ മാര്‍ക്കറ്റ് ചെയ്യുന്ന തരത്തിൽ കേന്ദ്രാവിഷ്കൃതപദ്ധതികൾ കൊണ്ടുവന്നാൽ അത് മന്ത്രി എന്ന നിലയിൽ സുരേഷ് ഗോപിക്കും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ ഗുണം ചെയ്യും

ന്യൂഡെൽഹി : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ത്രില്ലര്‍ മൊമന്റുകൾക്കും ഒടുവിൽ തൃശൂരിന്റെ സ്വന്തം എം.പി. സുരേഷ് ഗോപി ടൂറിസം, പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു. സഹമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സ്ഥാനം ഏറ്റെടുക്കില്ലെന്നുമുള്ള ഊഹാപോഹങ്ങൾ പരന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാൽ പ്രധാനമന്ത്രി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റുമെന്ന പ്രഖ്യാപനം നടത്തിയ സുരേഷ്ഗോപി മന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ പ്രശ്നങ്ങൾക്ക് താത്കാലിക വിരാമമായി. എന്നാൽ അദ്ദേഹത്തിന് ലഭിച്ച വകുപ്പുകളിൽ ചിലത് ഭാവിയിൽ വിവാദങ്ങൾക്ക് വഴിമരുന്നിടുമോ എന്ന ആശങ്ക ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനുണ്ട്.

          പെട്രോളിയം വകുപ്പ് തൊട്ടാൽ പൊള്ളുന്ന സംഗതിയാണ്. ഇന്ധന, പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് ഏതൊരു സര്‍ക്കാരിനും തലവേദനയാണ്. അതിനെ ന്യായീകരിക്കുന്നത് ഏറെ ശ്രമകരവും. കഴിഞ്ഞ മന്ത്രിസഭയിൽ വിദേശകാര്യത്തിന്റെ ചുമതലക്കാരനായിരുന്നിട്ടുകൂടി വി. മുരളീധരൻ പെട്രോൾവില വര്‍ദ്ധനവ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. അവിടെ കൂടുന്നതിന്റേയും ഇവിടെ കൂടാത്തതിന്റേയുമൊക്കെ കണക്കുകൾ പറഞ്ഞ് ഉരുണ്ടുകളിച്ച അദ്ദേഹം ട്രോളൻമാരുടെ ഇര ആയിത്തീരുകയും ചെയ്തു. വാ തുറന്നാൽ നാടകീയശൈലിയും സിനിമ ഡയലോഗും മാത്രം പറയുന്ന സുരേഷ് ഗോപി ഈ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യും എന്നതാണ് ഏവരെയും ചിന്തിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതിലും സുരേഷ്ഗോപി ഒരു തികഞ്ഞ പരാജയമാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള സാധ്യത ഏറെയാണ്. ഇത് തന്നെയാണ് പല മുതിര്‍ന്ന ബി.ജെ.പി. നേതാക്കൻമാരേയും ആശയക്കുഴപ്പത്തിലാക്കുന്നതും.

          അതേസമയം, ടൂറിസം രംഗത്ത് നിരവധി പദ്ധതികൾ കൊണ്ടുവരാൻ സുരേഷ് ഗോപിക്ക് സാധിക്കും എന്നത് ആശ്വാസകരമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന ബ്രാന്റിംഗ് കൂടുതൽ മാര്‍ക്കറ്റ് ചെയ്യുന്ന തരത്തിൽ കേന്ദ്രാവിഷ്കൃതപദ്ധതികൾ കൊണ്ടുവന്നാൽ അത് മന്ത്രി എന്ന നിലയിൽ സുരേഷ് ഗോപിക്കും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ ഗുണം ചെയ്യും. അതിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം വര്‍ദ്ധിപ്പിക്കാനാകും എന്നതും നേട്ടമാകും. തൃശൂര്‍ പൂരം അടുത്ത തവണ ഗംഭീരമാക്കുമെന്ന പ്രഖ്യാപനവും ആശാവഹമാണ്. ഇത് വ്യക്തിപരമായി തൃശൂരുകാര്‍ക്കും അഭിമാനത്തിന് വക നൽകുന്ന സംഗതിയാകും. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞ തൃശൂരിന്റെ ടൂറിസം സാദ്ധ്യതകൾ സുരേഷ് ഗോപിയിലൂടെ പൂവണിയും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് പുറമേ അദ്ദേഹം താമസിക്കുന്ന തലസ്ഥാനനരഗത്തിനും ഏറെ പ്രതീക്ഷകളാണുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img