
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ ഓഫീസ് സെക്രട്ടറിയായി സുരേഷ് വണ്ടന്നൂർ ചുമതലയേറ്റു. കെപിസിസി പ്രസിഡന്റ്, വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ആഗസ്റ്റ് 24 മുതൽ നിയമനം പ്രാബല്യത്തിൽ വന്നു.
ഭരണപരിചയവും സംഘടനാ മികവും മുൻനിർത്തിയാണ് ഈ നിയമനം. കേരള സർക്കാരിന്റെ നിയമ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയായും, മുൻസിഫ്- മജിസ്ട്രേറ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ.എസ്.യു മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, കാര്യവട്ടം ക്യാമ്പസ് ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. 'ഒരു പേരിൽ എന്തിരിക്കുന്നു എന്നാണോ'എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം.
പ്രധാന ചുമതലകൾ:
* കെപിസിസി ആസ്ഥാനത്തിന്റെ ദൈനംദിന ഭരണനിർവഹണം ഏകോപിപ്പിക്കുക.
* ഡിസിസി, ബ്ലോക്ക്-മണ്ഡലം കമ്മിറ്റികൾ, പോഷകസംഘടനകൾ, സെല്ലുകൾ എന്നിവ തമ്മിലുള്ള സംഘടനാപരമായ ഏകോപനം ഉറപ്പാക്കുക.
* കെപിസിസി പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും പ്രവർത്തനങ്ങളിൽ സഹായിക്കുക.
പാർട്ടിക്ക് നൽകിയ സംഭാവനകളും സംഘടനാ പാടവവും കണക്കിലെടുത്താണ് നിയമനമെന്നും, പുതിയ ഓഫീസ് സെക്രട്ടറിക്ക് പൂർണ്ണ സഹകരണം നൽകണമെന്നും കെപിസിസി പ്രസിഡന്റ് എല്ലാ പോഷകസംഘടനകളോടും ഭാരവാഹികളോടും അഭ്യർഥിച്ചു.










