
മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. നിങ്ങൾ ആരാണെന്നും ആരോടാ ചോദിക്കുന്നതെന്നും വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബൽപുർ വിഷയത്തിൽ നിയമപരമായി നടപടിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ’’– സുരേഷ് ഗോപി പറഞ്ഞു.
മാറിയ വഖഫ് നിയമങ്ങളുടെ പശ്ചാത്തലത്തിൽ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.











