
ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റതിന് പിന്നാലെ കൊല്ലം തീരത്തെ പെട്രോളിയം ഖനനം സംബന്ധിച്ച പ്രതീക്ഷകൾ വീണ്ടും നാമ്പിടുന്നു. കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇന്നു രാവിലെയാണ് ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.