04:38am 28 August 2026
NEWS
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ലഭിച്ചെന്ന് സുരേഷ് ​ഗോപി
30/11/2025  01:30 PM IST
nila
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ലഭിച്ചെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. അന്ന് സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നെന്നും സുരേഷ് ​ഗോപി വെളിപ്പെടുത്തി. അന്നത്തെ കാലാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും  തൃശൂരിൽ ബിജെപി കൺവെൻഷനിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവും ഒന്നുമല്ല വിഷയമെന്നും വികസനം ചർച്ചയാക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ.മുരളീധരൻ എന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് ഞാൻ പറഞ്ഞത്. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം. സ്വർണ, ഗർഭക്കേസുകളല്ല വികസനം ചർച്ച ആക്കണം. എൻറെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി ? വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് എൻറെ അഭിപ്രായം. കൂടാതെ ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടു. 

സ്വർണ, ഗർഭ കേസുകൾ ചർച്ച ചെയ്യാൻ ഞാനില്ല. എനിക്ക് വികസന ഫോക്കസ് വിടാൻ കഴിയില്ല. 2024ലെ തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചപ്പോൾ ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ. ഞാൻ എന്തെങ്കിലും അതിനെക്കുറിച്ച് പറഞ്ഞോ ? കുടുംബത്തിൻറെ നേർച്ചയായിരുന്നു അത്. ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിവെടുത്തോ’’ – സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img