
തന്നെ ഒഴിവാക്കി സി.സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ അത് പുതിയ രാഷ്ട്രീയ ചരിത്രമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കുള്ള ഉത്തരവാദിത്തത്തിന്റെ പുറത്താകാം തന്നെ മന്ത്രിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. സി.സദാനന്ദൻ എംപിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘‘അദ്ദേഹത്തിന്റെ എംപി ഓഫിസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയിൽപിടിച്ച് ഇരുത്തുമ്പോഴും ഞാൻ പ്രാർഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നാണ്. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താൻ ഞാൻ എത്തണേ എന്നാണ് പ്രാർഥന. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയത്. ഞാൻ ആത്മാർഥമായി പറയുകയാണ്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് വിശ്വാസം. ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം.’’–സുരേഷ് ഗോപി പറഞ്ഞു.
തന്റെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കേൾക്കുന്നവർക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചു. അതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഒന്നിനെയും വെറുതെ വിടില്ല. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.










