
വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉയരുന്നതിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഇന്നു രാവിലെ ഒമ്പതരയോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിലെത്തുക. വന്ദേഭാരതിൽ തൃശ്ശൂർ റയിൽവെ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം, വോട്ടർപട്ടിക ക്രമക്കേട് വിവാദം സംബന്ധിച്ച് സുരേഷ് ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല.
ന്യൂഡൽഹിയിൽ നിന്നും ഇന്നു പുലർച്ചെ രമ്ടരയോടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെത്തിയത്. തുടർന്ന് രാവിലെ 5.15 നുള്ള വന്ദേഭാരതിലാണ് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി മൗനം തുടരുകയായിരുന്നു.
ഇന്നലെ രാത്രി സംഘടിപ്പിച്ച സിപിഎം ഓഫീസ് മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി കാണും. അതിനിടെ ഇന്ന് പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലും മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തിൽ ഇന്ന് തൃശ്ശൂരിൽ പ്രതികരിക്കുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.











