12:48am 22 June 2026
NEWS
റോഡ് വികസനം യാത്രാസമയം പകുതിയാക്കും; അത് ഇന്ധനവില കുറയുന്നതിന് തുല്യം: സുരേഷ് ഗോപി
21/06/2026  08:00 PM IST
nila
റോഡ് വികസനം യാത്രാസമയം പകുതിയാക്കും; അത് ഇന്ധനവില കുറയുന്നതിന് തുല്യം: സുരേഷ് ഗോപി

കോട്ടയം: സംസ്ഥാനത്തെ പ്രധാന റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നും അതുവഴി പെട്രോൾ, ഡീസൽ വില കുറയുന്നതിന് സമാനമായ സാമ്പത്തിക നേട്ടം ജനങ്ങൾക്ക് ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. ഗണിതശാസ്ത്രവും സാമ്പത്തികശാസ്ത്രവും മനസിലാക്കുന്നവർക്ക് ഈ വാദത്തെ വിമർശിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലകൾ ചേർന്ന് സംഘടിപ്പിച്ച ‘വികസന സങ്കൽപ് സമ്മേളനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

പെട്രോൾ, ഡീസൽ വിലവർധനയെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെയാണ് റോഡ് വികസനത്തിന്റെ സാമ്പത്തിക ഗുണഫലങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിലവിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെ എത്താൻ ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ വേണ്ടിവരുന്നുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, ദേശീയപാത വികസനം പൂർത്തിയായാൽ യാത്രാസമയം ഏകദേശം പകുതിയായി കുറയുമെന്നും വ്യക്തമാക്കി.

“കോഴിക്കോടുനിന്ന് പൊന്നാനി വഴിയോ പഴയ ദേശീയപാത 47 വഴിയോ യാത്ര ചെയ്താലും ലക്ഷ്യസ്ഥാനത്ത് വളരെ വേഗത്തിൽ എത്താൻ സാധിക്കും. സമയം ലാഭിക്കുന്നതിലൂടെ ഇന്ധനച്ചെലവും കുറയും. അതിനാൽ ഇത് പെട്രോൾ വില കുറയുന്നതിന് സമാനമായ നേട്ടമാണ്,” അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മിനർവ മോഹൻ, എസ്. രതീഷ് ലാൽ, അഖിൽ രവീന്ദ്രൻ, നാരായണൻ നമ്പൂതിരി, അരുൺ മൂലേടം എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img