
തൃപ്പൂണിത്തുറ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശങ്ങൾ വീണ്ടും വിവാദത്തിലേക്ക്. കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നതിനിടെയാണ് അദ്ദേഹം അധിക്ഷേപഭാവമുള്ള പരാമർശം നടത്തിയത്. തൃപ്പൂണിത്തുറ എൻ.എം. ഹാളിൽ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ അധിക്ഷേപ പരാമർശം. “കേരളത്തിൽ എയിംസ് വരും, മറ്റേ മോനെ” എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എയിംസ് വരുമെന്ന പ്രഖ്യാപനം ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും, അത്തരക്കാർ ആ ഭയത്തിൽ തന്നെ മുങ്ങിമരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ പരാമർശം ഉണ്ടായത്. മന്ത്രിയുടെ വാക്കുകൾ രാഷ്ട്രീയവൃത്തങ്ങളിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
'കൂടുതൽ പേരുകൾ നിർദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസർക്കാർ കേരളത്തിലെ സർക്കാരിനോട് 2015 മുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎൻഎയണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.' സുരേഷ് ഗോപി പറഞ്ഞു.
പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ പച്ചക്കറി കടകളിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ ഒരു വലിയ സാമ്പത്തിക വിദഗ്ദൻ, സുപ്രീംകോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് കണ്ടതല്ലേ. 'പിന്നേ ഉരുളക്കിഴങ്ങും തക്കാളിയും വിൽക്കുന്നവർ ഉടൻ തന്നെ പിഒഎസ് ഒക്കെ വച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ. വൈഫൈ കണക്ഷനുണ്ടോ' എന്നൊക്കെയാണ് ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഇവിടെയെത്തിയപ്പോൾ അവരോട് സാധാരണക്കാരായ സ്ത്രീകൾ പറഞ്ഞത്, വീ ഡോണ്ട് ടേക്ക് കറൻസി എന്നാണ്. രാജ്യം ഇവിടെ വരെ എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനെ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ - സുരേഷ് ഗോപി പറഞ്ഞു.
ചില അവിശുദ്ധ താൽപ്പര്യങ്ങൾ ഉളളതുകൊണ്ട് ഒരു പ്രദേശം അവരുടെ നിശ്ചയമാണെന്നും അത് പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'എയിംസ് വരേണ്ട യോഗ്യമായ സ്ഥലത്ത് എവിടെ വന്നാലും സന്തോഷമാണ്. അസാധ്യമായ ചരിത്രം രചിച്ച മണ്ണാണ് തൃശൂർ. കടപ്പാട് വേണ്ടത് തൃശൂർക്കാരോടാണ്. അവർക്കുളള പ്രത്യുപകാരമായിരിക്കണം എയിംസ് തൃശൂർ വരിക എന്നത്. വികസനം സബ് കാ സാത് സബ് കാ വിശ്വാസ് സബ് കാ പ്രയാസ് സബ് കാ വികാസ് എന്നാണ് നരേന്ദ്രമോദി പറയുന്നത്. കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. അത് വരുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുണ്ട്' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.











