
കേരളത്തിൽ എയിംസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലാവധി പൂർത്തിയാക്കും മുമ്പ് അതുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കിൽ കേന്ദ്രം തീർച്ചയായും ഇടപെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.











