
പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും. കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പെട്ടുപോയത്. ഇതോടെ വാഹനത്തിനിൽ നിന്നിറങ്ങിയ കേന്ദ്രമന്ത്രി പാലത്തിൽ പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ച് വിഷയം ശ്രദ്ധയിൽപെടുത്തിയ ശേഷമാണ് സുരേഷ് ഗോപി യാത്ര തുടർന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സുരേഷ് ഗോപി കാലടി പാലത്തിലൂടെ എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാൽ വലിയ ഗതാഗതകുരുക്കാണ് പാലത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തിൽനിന്നിറങ്ങി പാലം പരിശോധിച്ചത്.
എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടി പാലം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുൾപ്പടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. കാലടി പാലത്തിലെ കുഴികളെക്കുറിച്ചും ഗതാഗതകുരുക്കിനെക്കുറിച്ചും കുറച്ചുനാളായി വാർത്തകൾ വന്നിരുന്നു.











