
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചുകൊണ്ട് ജീവിതം അവസാനിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന്
കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിൽ കൂടുതലായി ഒരാഗ്രഹവും തനിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. “ഇതിൽക്കപ്പുറം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് പറഞ്ഞാൽ അപകടമാകില്ലെന്ന് കരുതുന്നു. ഇല്ലെങ്കിൽ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ ‘സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാനായി’ എന്നെഴുതും,” എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വാർത്തകൾ അനാവശ്യ വിവാദങ്ങളാക്കപ്പെടാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സ്ത്രീകൾ ഇന്ന് വികസനത്തിന്റെ ഗുണഭോക്താക്കളായി മാത്രം നിലനിൽക്കുന്നവരല്ല; ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ‘ദേവി അവാർഡ്’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണം എന്നത് അധികാരം നൽകുന്നതല്ല, മറിച്ച് സ്ത്രീകളിൽ തന്നെ നിലനിൽക്കുന്ന കരുത്തിനെ തിരിച്ചറിയുകയും മുന്നോട്ട് നയിക്കുകയുമാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ബഹിരാകാശ ദൗത്യങ്ങൾ വരെ, സ്റ്റാർട്ടപ്പുകളിൽ നിന്ന് ഗവേഷണ മേഖലകളിലേക്ക് വരെ സ്ത്രീകൾ ഇന്ത്യയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വയംപര്യാപ്തവും വികസിതവുമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും നിർണ്ണായകമാണെന്നും, പുതിയ ഇന്ത്യയുടെ കഥ എഴുതുന്നത് സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതാ പ്രതിഭകൾക്ക് ചടങ്ങിൽ അവാർഡുകളും വിതരണം ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിലെ പ്രവർത്തനങ്ങളിൽ നിന്ന് അത്യാധുനിക സാങ്കേതിക മേഖലകളിലേക്കും സ്ത്രീകളുടെ നേതൃത്വം ശക്തമായി പ്രകടമാകുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.











