
എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ സമഗ്ര വികസന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ സംവാദ പരമ്പരയായ ‘എസ്.ജി കോഫി ടൈംസ്’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കമ്മ്യൂണിസം കൊണ്ട് പിന്നാക്കം പോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. അതിൽ രാഷ്ട്രീയമോ പ്രാദേശികതയോ ഇല്ല,” എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. “ആലപ്പുഴയിൽ എയിംസ് ലഭിക്കാൻ തൃശൂരുകാർ പ്രാർഥിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപേ തന്നെ ആലപ്പുഴയിലേക്കാണ് എയിംസിനെ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. “ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, വാക്ക് മാറാറില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
തൃശൂരിലേക്കുള്ള മെട്രോ റെയിൽ പദ്ധതിയെ കുറിച്ചും സുരേഷ് ഗോപി വ്യക്തതവരുത്തി. “മെട്രോ തൃശൂരിലേക്കെത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ പാത എത്തിയശേഷം പാലിയേക്കര വഴി കോയമ്പത്തൂരിലേക്ക് നീളുന്ന ഉപപാതയും, നാട്ടിക–തൃപ്രയാർ–ഗുരുവായൂർ വഴി താനൂരിലേക്ക് നീളുന്ന മറ്റൊരു ഉപപാതയുമാണ് ഞാൻ സൂചിപ്പിച്ചത്,” അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കാണുകയായിരുന്നു സുരേഷ് ഗോപി. അതിന് പിന്നാലെയാണ് ‘കോഫി വിത്ത് എസ്.ജി’ എന്ന പേരിൽ സംവാദ പരമ്പര ആരംഭിച്ചതും.











