03:28pm 29 August 2026
NEWS
‘തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല’; എയിംസിൽ മലക്കം മറിഞ്ഞ് സുരേഷ് ഗോപി
28/08/2026  12:56 PM IST
nila
 ‘തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല’; എയിംസിൽ മലക്കം മറിഞ്ഞ് സുരേഷ് ഗോപി

 

തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ മുൻ പരാമർശങ്ങളിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ വ്യക്തമാക്കുന്നത്. “എയിംസിനെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അങ്ങനെ ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. എന്റെ എല്ലാ പ്രസംഗങ്ങളും എടുത്ത് പരിശോധിക്കാം” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

തൃശ്ശൂരിൽ എയിംസ് വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേരള സർക്കാർ ശക്തമായി ഇടപെട്ടാൽ മാത്രമേ തൃശ്ശൂരിൽ എയിംസ് യാഥാർഥ്യമാകൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസിനായി തൃശ്ശൂരിൽ വിവിധ സ്ഥലങ്ങൾ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തിയിലും പൊലീസ് അക്കാദമിയിലും ആവശ്യമായ സ്ഥലം ലഭ്യമാണെന്നാണ് തന്റെ അറിവ്. കൂടാതെ, മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ് കിടക്കുന്ന ഏകദേശം 400 ഏക്കർ സ്ഥലവും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് വിഷയത്തിൽ മുൻ സർക്കാർ വലിയ വിമുഖതയാണ് കാണിച്ചതെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇപ്പോഴത്തെ സർക്കാർ ഇക്കാര്യത്തിൽ വിമുഖത കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് എയിംസിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ വാദം ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ സ്ഥാനാർഥിയായി എത്തുന്നതിന് മുൻപ് തന്നെ എയിംസ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. അന്ന് “എയിംസ് ആലപ്പുഴ തന്നെ” എന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്.

രാഷ്ട്രീയ ഇടപെടലുകൾ മൂലം പിന്നാക്കം പോയ ആലപ്പുഴയിലേക്ക് എയിംസ് എത്തണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും തൃശ്ശൂരിൽ എയിംസ് വരണമെന്ന് താൻ മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇതിനിടെ, “എയിംസ് വരും കേട്ടോ മറ്റേ മോനെ” എന്ന സുരേഷ് ഗോപിയുടെ മുൻ പ്രതികരണവും അന്ന് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസിനെക്കുറിച്ച് താൻ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പുതിയ വിശദീകരണം ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img