
തെന്നിന്ത്യൻ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. യുവാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആദ്യം പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ പിന്നീട് നീക്കം ചെയ്തെങ്കിലും അതിനകം വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
നടി തന്നെയാണ് അബദ്ധത്തിൽ സ്വകാര്യ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. വിഡിയോയിലുള്ള യുവാവ് നടിയുടെ കാമുകനാണെന്നും ചിലർ അവകാശപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വ്യക്തിജീവിതത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 49 വയസ്സുള്ള നടിയുടെ പ്രണയബന്ധത്തെ ചോദ്യം ചെയ്തും മകളുടെ പ്രായം ചൂണ്ടിക്കാട്ടിയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുമുണ്ടായി.
എന്നാൽ, തന്റെ സമ്മതമില്ലാതെയാണ് സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതെന്നാണ് സുരേഖ വാണിയുടെ വിശദീകരണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സ്വകാര്യ വിവരങ്ങളും ദൃശ്യങ്ങളും മറ്റുള്ളവർ ദുരുപയോഗം ചെയ്യുകയാണെന്നും താരം വ്യക്തമാക്കി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് മീം പേജുകൾ, മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ, വ്യക്തികൾ എന്നിവരോട് നടി ആവശ്യപ്പെട്ടു. ഇത്തരം ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ വീണ്ടും അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.
തന്റെ വ്യക്തിപരമായ വിവരങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെയും വ്യക്തികളെയും കണ്ടെത്തി തെളിവുകൾ ശേഖരിക്കുമെന്നും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരേഖ വ്യക്തമാക്കി. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ഈ സാഹചര്യം ഉപയോഗപ്പെടുത്തരുതെന്നും സ്വകാര്യത മാനിക്കണമെന്നും താരം അഭ്യർഥിച്ചു.
അവതാരകയിൽ നിന്ന് സിനിമാതാരത്തിലേക്ക്
ടെലിവിഷൻ ന്യൂസ് അവതാരകയായാണ് സുരേഖ വാണി കരിയർ ആരംഭിച്ചത്. പിന്നീട് തെലുങ്ക് ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ അവതാരകയായി മാറി. താൻ ജോലി ചെയ്തിരുന്ന ചാനലിലെ സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയുമായി പ്രണയത്തിലായ താരം പിന്നീട് അദ്ദേഹത്തെ വിവാഹം കഴിച്ചു. ഇരുവർക്കും സുപ്രീത എന്ന മകളുണ്ട്.
'മാ ടിവി'യിൽ ഭർത്താവിനൊപ്പം 'മാ ടാക്കീസ്', 'ഹാർട്ട് ബീറ്റ്' തുടങ്ങിയ പരിപാടികളിലൂടെ സുരേഖ പ്രേക്ഷകശ്രദ്ധ നേടി. 2005ൽ പുറത്തിറങ്ങിയ 'സീനുഗാഡു ചിരഞ്ജീവി ഫാൻ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്.
പിന്നീട് 'ഭദ്ര', 'ബൊമ്മരില്ലു', 'ദുബായ് സീനു', 'യേ മായാ ചേസാവെ', 'ബ്രിന്ദാവനം', 'പവർ', 'സൺ ഓഫ് സത്യമൂർത്തി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഹനടിയായി അറുപതിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2019ലാണ് ഭർത്താവ് സുരേഷ് തേജ മരിച്ചത്.
അതേസമയം, മകൾ സുപ്രീതയും ഇന്ന് ടെലിവിഷൻ, സോഷ്യൽമീഡിയ രംഗങ്ങളിൽ ശ്രദ്ധേയയാണ്. ഇൻസ്റ്റഗ്രാമിൽ ഏകദേശം ഒൻപത് ലക്ഷം പേർ സുപ്രീതയെ പിന്തുടരുന്നുണ്ട്.










