12:55pm 14 July 2026
NEWS
പ്രവാസികൾക്ക് ആശ്വാസം: വിമാന ടിക്കറ്റ് കൊള്ളയ്‌ക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ, ചട്ടങ്ങൾ തയ്യാറെന്ന് കേന്ദ്രം
14/07/2026  08:42 AM IST
നിയമകാര്യലേഖകൻ
പ്രവാസികൾക്ക് ആശ്വാസം: വിമാന ടിക്കറ്റ് കൊള്ളയ്‌ക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ, ചട്ടങ്ങൾ തയ്യാറെന്ന് കേന്ദ്രം

ന്യൂഡൽഹി:​അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഗൾഫ് മലയാളി പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ പൂട്ടു വീഴുകയാണ്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രവാസികളെ ചൂഷണം ചെയ്ത് അമിത നിരക്ക് ഈടാക്കുന്നത് തടയാനും ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറായതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
​ടിക്കറ്റ് കൊള്ളയ്ക്ക് നിരന്തരം ഇരയാവുന്ന മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നതാണ് കോടതിയുടെ ഈ ഇടപെടൽ. വിമാനക്കമ്പനികളുടെ ഈ ചൂഷണം അവസാനിപ്പിക്കാൻ ശക്തമായ ഉത്തരവിറക്കുമെന്ന് ജനുവരി 20-ന് കോടതി കേന്ദ്രത്തിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് (DGCA) കൂടുതൽ അധികാരം നൽകുന്ന 'ഭാരതീയ വായുയാൻ അധിനിയമം 2024' എന്ന നിയമം പാസാക്കിയിരുന്നെങ്കിലും അത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ താല്പര്യം കാട്ടിയിരുന്നില്ല. എന്നാൽ കോടതി നിലപാട് കടുപ്പിച്ചതോടെ, നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചെന്നും ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും കേന്ദ്രം ബോധിപ്പിച്ചു.
സാമൂഹ്യപ്രവർത്തകനായ എസ്. ലക്ഷ്മീ നാരായണൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ നിർണായക നിലപാടെടുത്തത്. ചട്ടങ്ങൾ പാർലമെന്റിൽ വെച്ചാലും ഇല്ലെങ്കിലും, അവയുടെ പകർപ്പ് മുദ്രവെച്ച കവറിൽ രണ്ടാഴ്ചയ്ക്കകം കോടതിക്ക് കൈമാറണമെന്ന് ബെഞ്ച് കേന്ദ്രത്തോട് കർശനമായി ആവശ്യപ്പെട്ടു. കേസ് അടുത്തതായി ഓഗസ്റ്റ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. നിലവിൽ ഈ ചട്ടങ്ങളിലെ ഉള്ളടക്കം കേന്ദ്രം പരസ്യമാക്കിയിട്ടില്ല.
​മലയാളികളുടെ ഓരോ ഒഴിവു വേളയും മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയർത്തി കൊള്ളയടിക്കുന്നത് വിമാനക്കമ്പനികളുടെ പതിവാണ്. പരീക്ഷകൾക്ക് ശേഷം ഗൾഫിലെ സ്കൂളുകൾ ജൂണിൽ അടച്ചതോടെ ടിക്കറ്റ് നിരക്കുകൾ നാലിരട്ടിയോളമാണ് വർദ്ധിപ്പിച്ചത്. സാധാരണ സമയങ്ങളിൽ 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ ലഭ്യമായിരുന്ന യു.എ.ഇ (ദുബായ്, ഷാർജ, അബുദാബി) ടിക്കറ്റുകൾക്ക് ഇപ്പോൾ 40,000 മുതൽ 46,000 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. ഇതോടെ നാലംഗങ്ങളുള്ള ഒരു സാധാരണ പ്രവാസി കുടുംബത്തിന് നാട്ടിലെത്താൻ മാത്രം രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വരുന്നു.
​ഇതിനുപുറമേ, സൗദി അറേബ്യയിലേക്ക് 15,000 രൂപയുണ്ടായിരുന്ന സാധാരണ നിരക്ക് 44,000 രൂപ വരെയായും, ഖത്തറിലേക്ക് 13,000 രൂപയായിരുന്നത് 42,000 രൂപ വരെയായും വിമാനക്കമ്പനികൾ ഉയർത്തി. ഒമാനിൽ നിന്നുള്ള യാത്രക്കാർക്കും 38,000 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമപാതകൾ മാറിയതും യാത്രാസമയം കൂടിയതുമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി എയർലൈനുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നിരക്കുകളിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, അതിനു മുൻപ് ദുബായിലേക്ക് മാത്രം അരലക്ഷം രൂപ വരെയായിരുന്നു ടിക്കറ്റ് ചാർജ്.
​പുതിയ ചട്ടങ്ങൾ വരുന്നതോടെ വിമാനക്കമ്പനികളുടെ കുത്തകാവകാശത്തിനും സീസൺ കൊള്ളയ്ക്കും അറുതിയാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ പ്രവാസി ലോകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img