08:41pm 03 May 2026
NEWS
കൗണ്ടിങ് സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോ​ഗിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ തൃണമൂലിന് തിരിച്ചടി
02/05/2026  01:11 PM IST
nila
 കൗണ്ടിങ് സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോ​ഗിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ തൃണമൂലിന് തിരിച്ചടി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു തൃണമൂൽ കോൺ​ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, “സർക്കാർ ജീവനക്കാർക്ക് കുറച്ചെങ്കിലും വിശ്വാസ്യത നൽകണം” എന്നായിരുന്നു കോടതിയുടെ പരാമർശം. കേന്ദ്ര സർക്കാർ ജീവനക്കാരെ വിശ്വസിക്കേണ്ടതുണ്ടെന്നും അവർ ഒരു പക്ഷത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന ആശങ്ക ഉയർത്തി നിയമനം ചോദ്യം ചെയ്യാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

കൽക്കട്ട ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചതിനെ തുടർന്ന് തൃണമൂൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പാർട്ടിക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജീവനക്കാരെ മാത്രം നിയോഗിക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു.

എന്നാൽ കൗണ്ടിങ് കേന്ദ്രങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഏജന്റുമാർ സാന്നിധ്യമുണ്ടാകുമെന്നും കേന്ദ്ര ജീവനക്കാരാണെന്ന കാരണം പറഞ്ഞ് അവരുടെ നിഷ്പക്ഷത തള്ളിക്കളയാനാകില്ലെന്നും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.

മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്രമീകരണങ്ങളെയാണ് തൃണമൂൽ ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളിൽ ഇത്തരം നിർബന്ധിത വ്യവസ്ഥകളില്ലെന്നും ബംഗാളിൽ മാത്രമാണ് ഈ രീതിയിലുള്ള നിയമനം നടപ്പാക്കുന്നതെന്നുമാണ് പാർട്ടിയുടെ ആരോപണം. കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണലിൽ ഉൾപ്പെടുത്തുന്നത് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനിടയാക്കുമെന്ന ആശങ്കയും തൃണമൂൽ ഹർജിയിൽ ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img