
സൗജന്യ റേഷനും പണവും കിട്ടിയാൽ ആളുകൾ മടിമയന്മാരായ മാറുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യ ആനൂകുല്യങ്ങൾ പ്രഖ്യാപിക്കുന്ന പതിവിനെ വിമർശിച്ചാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പകരം ജനങ്ങളെ മുഖ്യധാര സമൂഹത്തിന്റെ ഭാഗമാക്കി രാജ്യത്തിന്റെ വികസനത്തിൽ ഏവരെയും പങ്കാളികളാക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
നഗരമേഖലകളിലെ വീടില്ലാത്തവർക്ക് വാസസ്ഥലമൊരുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സൗജന്യ റേഷനും പണവും പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പതിവിനെ സുപ്രീംകോടതി വിമർശിച്ചത്. ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം.
അതേസമയം കേന്ദ്രസർക്കാർനഗര ദാരിദ്ര്യനിർമാർജന മിഷന് രൂപം നൽകിവരികയാണെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. വീടില്ലാത്തവർക്ക് വീട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ഈ പദ്ധതിയ്ക്ക് കീഴിൽ വരുമെന്നും ആർ വെങ്കിട്ടരമണി പറഞ്ഞു. നഗര ദാരിദ്ര്യനിർമാർജന മിഷൻ എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന കാര്യം അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹർജികൾ ആറ് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.











