
ന്യൂഡൽഹി: ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതിലെ പിഴവിൽ തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എ. അരുൺ സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു. അദ്ദേഹത്തിനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കിയ സുപ്രീം കോടതി, ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും താക്കീത് നൽകി.
ജസ്റ്റിസുമാരായ വിക്രം നാഥ്, ആർ. മഹാദേവൻ, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നിയമം നൽകുന്ന അധികാരം വിനിയോഗിക്കുമ്പോൾ അതിനോടൊപ്പമുള്ള ഉത്തരവാദിത്തം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് ബെഞ്ച് വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ പാലിക്കേണ്ട ജാഗ്രതയ്ക്ക് പകരമാകില്ല മാപ്പപേക്ഷയെന്നും കോടതി ഓർമിപ്പിച്ചു.
ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണറായിരിക്കെയാണ് അരുൺ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടർക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ 1982-ലെ കരുതൽ തടങ്കൽ നിയമത്തിന്റെ 3(1) വകുപ്പ് പ്രകാരം ഇയാളെ ‘ഗുണ്ട’യായി കണക്കാക്കിയായിരുന്നു നടപടി.
ഫ്ലാറ്റ് വാങ്ങുന്നതിനായി ഒരാളിൽനിന്ന് 1.38 കോടി രൂപയിലധികം കൈപ്പറ്റിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് കമ്പനി ഡയറക്ടർക്കും ഭാര്യയ്ക്കുമെതിരായ ആരോപണം. ഫ്ലാറ്റുമായി ബന്ധപ്പെട്ട് പിന്നീട് മൂന്നാം കക്ഷികൾക്ക് അനുകൂലമായി ഇടപാടുകൾ നടത്തിയെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് വസ്തു പണയപ്പെടുത്തിയെന്നും ആരോപണമുണ്ട്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇരുവരെയും 2025 സെപ്റ്റംബർ ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു.
തടങ്കലിലായ വ്യക്തിയുടെ മകൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തടങ്കൽ ഉത്തരവ് റദ്ദാക്കി. സമാനമായ ഉത്തരവുകൾ അരുൺ പതിവായി പുറപ്പെടുവിക്കുന്നുവെന്ന് വിമർശിച്ച ഹൈക്കോടതി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചതിനെക്കുറിച്ചും പ്രതികൂല പരാമർശങ്ങൾ നടത്തി. ഈ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് നിലവിൽ തമിഴ്നാട് പൊലീസ് അക്കാദമി ഡയറക്ടറായ അരുൺ സുപ്രീം കോടതിയെ സമീപിച്ചത്.










