
ന്യൂഡൽഹി:സാങ്കേതികവിദ്യയുടെ അതിപ്രസരം നീതിന്യായ വ്യവസ്ഥയ്ക്കും വെല്ലുവിളിയാകുന്ന കാഴ്ചയാണ് സുപ്രീം കോടതിയുടെ പുതിയ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിധിന്യായങ്ങൾ കോടതിയിൽ ഹാജരാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഗൗരവകരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഒരു കമ്പനി ഡയറക്ടർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ബോംബെ ഹൈക്കോടതി തനിക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഈ പരാമർശങ്ങൾ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ചപ്പോഴാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗം പുറത്തുവന്നത്.
മഹാരാഷ്ട്ര വാടക നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകൾ AI ടൂളുകൾ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചിത്രമായ രീതിയിൽ ആവർത്തിക്കുന്ന വാചകങ്ങൾ, ബുള്ളറ്റ് പോയിന്റുകൾ, ഗ്രീൻ ടിക് ബോക്സുകൾ എന്നിവ ആ സമർപ്പണങ്ങളിൽ ഉണ്ടായിരുന്നു. എല്ലാത്തിലുമുപരി, “Jyoti w/o Dinesh Tulsiani vs. Elegant Associates” എന്ന പേരിൽ നിലവിലില്ലാത്ത ഒരു വിധിന്യായത്തെ കേസിൽ തെളിവായി ഉദ്ധരിക്കുകയും ചെയ്തു.
ഈ വിധിയുടെ പകർപ്പോ സൈറ്റേഷനോ കണ്ടെത്താൻ കോടതിക്കും നിയമസഹായികൾക്കും സാധിച്ചില്ല. ഒരു വ്യാജ വിധിയുടെ സത്യാവസ്ഥ തേടി കോടതിയുടെ വിലപ്പെട്ട സമയം പാഴായതിനെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വിഷയത്തെ ഗൗരവമായി എടുത്ത സുപ്രീം കോടതി, നിയമപരമായ ആവശ്യങ്ങൾക്കായി AI ഉപയോഗിക്കുമ്പോൾ അഭിഭാഷകരും കക്ഷികളും അതീവ ജാഗ്രത പുലർത്തണമെന്ന് കർശന നിർദ്ദേശം നൽകി. കേവലം സൗകര്യത്തിന് വേണ്ടി സാങ്കേതികവിദ്യയെ ആശ്രയിക്കുമ്പോൾ അത് നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാകരുത് എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കോടതി നൽകുന്നത്.











