
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നതിന് മുൻപ് അതിന്റെ സാമൂഹിക-തൊഴിൽപരമായ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നിയമം വന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ വിമുഖത കാണിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ അഭിപ്രായപ്രകടനം.
ആർത്തവാവധി നിർബന്ധമാക്കുന്നത് സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം ഒരു പ്രതികൂല ഘടകമാണെന്നോ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെയാണ് നിയമം കൊണ്ടുവരുന്നതെങ്കിൽ അത് സ്ത്രീകളുടെ തൊഴിൽ സാധ്യതകളെ തന്നെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരിക്ക് ആർത്തവാവധി അനുവദിക്കുന്നുണ്ടെങ്കിലും അത് അവരുടെ സ്വമേധയാ സ്വീകരിച്ച നയങ്ങളാണ്. ഇത് നിയമപരമായി നിർബന്ധമാക്കിയാൽ ജുഡീഷ്യറി ഉൾപ്പെടെ സർക്കാർ മേഖലയിലും സ്ത്രീകളുടെ നിയമനത്തിൽ അനുകൂലത കുറയാൻ സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിനിടെ കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച കാര്യം സീനിയർ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലിംഗസമത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സ്വകാര്യ കമ്പനികളും സമാനമായ ഇളവുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആർത്തവ ശുചിത്വം പെൺകുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും അനിവാര്യ ഘടകമാണെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകൾ, വൃത്തിയുള്ള ശുചിമുറികൾ, ആർത്തവാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.











