12:43am 13 November 2026
NEWS
വിവാഹത്തിന് മുമ്പുള്ള ലൈം​ഗിക ബന്ധങ്ങളിൽ അതീവ ജാഗ്രത വേണം: സുപ്രീംകോടതി
16/02/2026  08:46 PM IST
nila
വിവാഹത്തിന് മുമ്പുള്ള ലൈം​ഗിക ബന്ധങ്ങളിൽ അതീവ ജാഗ്രത വേണം: സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹത്തിന് മുമ്പുള്ള ലൈം​ഗിക ബന്ധങ്ങളിൽ യുവതികളും യുവാക്കളും പരമാവധി ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ പൂർണ വിശ്വാസബന്ധം ഉണ്ടാകില്ലെന്ന യാഥാർഥ്യം മനസിലാക്കി വേണം ഇത്തരം ബന്ധങ്ങളിലേക്ക് കടക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭൂയാനും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുബായിൽ വെച്ച് പ്രതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന യുവതിയുടെ പരാതിയാണ് കേസിന് ആധാരം.

“ഇത് പരസ്പര സമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധമായാണ് പ്രഥമദൃഷ്ട്യാ തോന്നുന്നത്. ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ഇരുവരും പരസ്പരം അപരിചിതരാണ്. അതിനാൽ തന്നെ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അതീവ സൂക്ഷ്മത വേണം,” ബെഞ്ച് വ്യക്തമാക്കി. ബന്ധം എത്ര അടുത്തതായാലും വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിലേക്ക് കടക്കുന്നത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, വിവാഹത്തിന് മുമ്പ് ആരെയും പൂർണമായി വിശ്വസിക്കരുതെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

2022-ൽ ഒരു മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ഡൽഹിയിലും ദുബായിലും വെച്ച് പ്രതി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും, സമ്മതമില്ലാതെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് 2024 ജനുവരിയിൽ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി അറിഞ്ഞതായും പരാതിയിൽ പറയുന്നു.

എന്നാൽ, ഇതൊരു പരസ്പര സമ്മതത്തോടെ നടന്ന ബന്ധമാണെന്ന നിലപാടാണ് ബെഞ്ച് സ്വീകരിച്ചത്. “വിവാഹത്തിന് മുൻപേ ഇത്തരമൊരു ബന്ധത്തിൽ ഏർപ്പെടാൻ യുവതിക്ക് നിർബന്ധമുണ്ടായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ക്രിമിനൽ വിചാരണ ആവശ്യമുണ്ടോയെന്നതിൽ സംശയമുണ്ട്,” കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒത്തുതീർപ്പ് സാധ്യതകൾ പരിശോധിക്കാനും, പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ആലോചിക്കാനും പ്രതിഭാഗം അഭിഭാഷകനോട് കോടതി നിർദേശിച്ചു. ഇരുവിഭാഗങ്ങളുടെയും നിലപാട് രേഖപ്പെടുത്തുന്നതിനായി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img