
സ്വർണ്ണക്കടത്തിൽ അറസ്റ്റിലായി ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാതാരം രന്യറാവുവിന്റെ കരുതൽ തടങ്കൽ സുപ്രീം കോടതിയും ശരിവെച്ചു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് പുലർച്ചയാണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്( ഡിആർഐ ) 14.2 കിലോ സ്വർണ്ണം സഹിതം രന്യ റാവുവിനെ പിടികൂടിയത്. കർണാടകത്തിലെ ഐ പി എസ് ഉദ്യോഗസ്ഥൻ കെ രാമചന്ദ്രറാവു രന്യയുടെ രണ്ടാനഛനാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് രന്യറാവു ഗ്രീൻ ചാനലിലൂടെ ദുബായിൽ നിന്ന് ബംഗളുരുവിലേക്ക് സ്വർണ്ണം കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പലതവണകളായി രന്യറാവു 127 കിലോ സ്വർണ്ണം കടത്തിയതായി തെളിഞ്ഞിട്ടുണ്ട്
കൂട്ടുപ്രതി സഹിൻ സക്കറിയ ജയിനും ജയിലിലാണ്. സസ്പെൻഷനിലായ രാമചന്ദ്ര റാവു അന്വേഷണം നേരിടുകയാണ്. കൊഫെപോസ പ്രകാരം ജയിലിൽ കഴിയുന്ന രന്യ റാവുവിന് വേണ്ടി അവരുടെ അമ്മയും ജയിനിനു വേണ്ടി അയാളുടെ കസിനും കരുതൽ തടങ്കലിന് എതിരായി സമർപ്പിച്ച ഹാരജിയിലെ ആവശ്യങ്ങൾ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ വന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് അവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കോടീശ്വര റാവു എന്നിവർ അടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഹൈക്കോടതി വിധി സുപ്രീംകോടതി ബെഞ്ച് ശരിവെച്ചിരിക്കുകയാണ്.
Photo Courtesy - Google










