
ന്യൂഡൽഹി: കേരളത്തിൽ നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം താൽക്കാലികമായി നിർത്തണമെന്ന ആവശ്യം സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കും..സംസ്ഥാന സർക്കാരും വിവിധ പാർട്ടികളും നൽകിയ നാല് ഹർജികളെ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി. ഹർജികളിൽ വിശദമായ വാദം നവംബർ 26ന് നടക്കും.
ഇത്തരം നടപടികളിനെതിരെ ഉത്തർപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും ഹർജികൾ വന്നിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് നവംബർ 26ന് ആദ്യം പരിഗണിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ ഹർജികൾ ഡിസംബർ മാസം കേൾക്കും.
കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും അതിന്റെ പശ്ചാത്തലത്തിൽ ഇടപെടലിനായി അടിയന്തിര പരിഗണന ആവശ്യപ്പെട്ടതിനെ തുടർന്ന് പരിഗണന തീയതി നിശ്ചയിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഹർജികൾ നൽകിയിരിക്കുന്നത്. കപിൽ സിബൽ, രഞ്ജിത് കുമാർ, ഹാരിസ് ബീരാൻ ഉൾപ്പെടെയുള്ള പ്രമുഖ അഭിഭാഷകർ വിവിധ കക്ഷികൾക്കായി കോടതിയിൽ ഹാജരായി.











