
ദോഹ: വിമാനക്കൂലി വർദ്ധനവ് നിയന്ത്രിക്കുന്നതിനും നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാരിന് മാർഗ്ഗനിർദ്ദേശം നൽകിയ ഇന്ത്യൻ സുപ്രീം കോടതിയുടെ നടപടിയെ ഖത്തറിലെ പ്രവാസി ഭാരതീയർ സ്വാഗതം ചെയ്തു. പെട്ടെന്നുണ്ടാകുന്ന ഭീമമായ നിരക്കുവർദ്ധനവ് തടയുന്നത് സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
വിമാനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ പരിശോധിച്ച സുപ്രീം കോടതി, ഇവ അന്തിമമാക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. കേസ് സെപ്റ്റംബർ 7-ന് വീണ്ടും പരിഗണിക്കും.
വ്യോമയാന മേഖലയിൽ സുതാര്യത ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണനാണ് 'എസ്. ലക്ഷ്മിനാരായണൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' എന്ന ഹർജി ഫയൽ ചെയ്തത്.പ്രവാസി ലീഗൽ സെൽ (PLC) ഹർജിക്കാരനൊപ്പം ചേർന്ന് ഈ വിഷയത്തിൽ നിയമപോരാട്ടം നടത്തുന്നുണ്ട്.കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി സമയപരിധി നീട്ടി നൽകിയത്.സ്കൂൾ അവധിക്കാലം, ആഘോഷങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ വിമാനക്കമ്പനികൾ പെട്ടെന്ന് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് ഗൾഫ് പ്രവാസികളെ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കാറുണ്ട്.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ എന്നിവർ വ്യക്തമാക്കിയത് പോലെ, പ്രവാസികളെ സംബന്ധിച്ച് വിമാനയാത്ര ഒരു ആഡംബരമല്ല, മറിച്ച് നാടുമായുള്ള ബന്ധം നിലനിർത്താനുള്ള അത്യന്താപേക്ഷിതമായ ആവശ്യമാണ്. അതുകൊണ്ട് തന്നെ ന്യായമായ വിമാനനിരക്ക് ഉറപ്പാക്കുന്നത് കോടിക്കണക്കിന് പ്രവാസികളുടെ ക്ഷേമത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.










