06:35am 18 October 2026
NEWS
ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ച ഹൈക്കോടതിയ്‌ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദായേക്കും
25/07/2025  11:21 AM IST
വിഷ്ണുമംഗലം കുമാർ
ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ച ഹൈക്കോടതിയ്‌ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; ജാമ്യം റദ്ദായേക്കും

രേണുകസ്വാമി കൊലക്കേസിൽ സൂപ്പർസ്റ്റാർ ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയെ സുപ്രീം കോടതി അതിനിശിതമായി വിമർശിച്ചു. ജാമ്യം നൽകിയതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നാണ് രൂക്ഷ വിമർശനമുണ്ടായത്.  "വിവേചനാധികാരം ഉപയോഗിക്കുന്നതിൽ ജഡ്ജിയ്‌ക്ക് അടിസ്ഥാനപരമായി പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ജാമ്യഉത്തരവ് വായിക്കുമ്പോൾ മനസ്സിലാകുന്നത്. അറസ്റ്റുചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. 302 വകുപ്പുപ്രകാരം ചാർജ്ജുചെയ്ത പ്രമാദമായ ഒരു കൊലക്കേസാണിത്. ജാമ്യം നൽകുന്നതിന് മുമ്പ് ജഡ്ജി ഗൗരവമായി ആലോചിക്കണമായിരുന്നു. എല്ലാ പ്രതികൾക്കും ഒരേ രീതിയിലാണ് ജാമ്യം നൽകിയിരിക്കുന്നത്. കീഴ്ക്കോടതി ജഡ്ജിമാർക്ക് തെറ്റുപറ്റാറുണ്ട്. പക്ഷെ ഒരു ഹൈക്കോടതി ജഡ്ജിയിൽ നിന്ന് ഇത്തരം ഒരു പിഴവ് ഉണ്ടാകരുതായിരുന്നു. ഏതായാലും ഹൈക്കോടതിയ്‌ക്ക് പറ്റിയ പിഴവ് ഞങ്ങൾ ആവർത്തിക്കില്ല" ഒരാഴ്ചയ്ക്കകം വിധി പറയുമെന്നും അതിനകം എല്ലാ പ്രതികളും സത്യവാങ് മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചുക്കൊണ്ട് കേസ് ഫയൽ മാറ്റിവെക്കുമ്പോൾ ബെഞ്ച് നിരീക്ഷിച്ചു.കർണാടകത്തെ ഇളക്കിമറിച്ച സംഭവമാണ് രേണുകസ്വാമി വധം. കഴിഞ്ഞ വർഷം ജൂൺ 9 നാണ് രേണുകസ്വാമിയുടെ മൃതദേഹം ബംഗളുരു കാമാക്ഷിപാളയത്തെ അഴുക്കുചാലിനരികിൽ കാണപ്പെട്ടത്. ചിത്രദുർഗ്ഗ സ്വദേശിയായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സൂപ്പർസ്റ്റാർ ദർശന്റെ ആരാധകനായിരുന്നു രേണുകസ്വാമി. ദർശന്റെ പെൺസുഹൃത്ത് പവിത്രഗൗഡയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ചില പോസ്റ്റുകൾ രേണുകസ്വാമി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ആ വിരോധത്തിന്റെ പേരിൽ  രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ദർശനും കൂട്ടാളികളും ചേർന്ന്‌ അയാളെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്. ദർശനും പവിത്രഗൗഡയും കൂട്ടാളികളും രണ്ടുദിവസത്തിനകം അറസ്റ്റിലായിരുന്നു. നടുവേദനയ്ക്ക് ഓപ്പറേഷന് വിധേയമാകണമെന്ന ദർശന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി അയാൾക്ക് ഒക്ടോബറിൽ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഡിസംബർ 13ന് ദർശൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഈ നടപടിയാണ് കർണാടകം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. ജാമ്യം അനുവദിച്ചതിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ജാമ്യം റദ്ദാക്കപ്പെട്ടേക്കാം. പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദർശൻ വിദേശത്താണുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img