
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട റോമൻ കത്തോലിക്കാ വൈദികൻ ഫാ. എഡ്വിൻ പിഗാരെസിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതിക്ക് കേരള ഹൈക്കോടതി വിധിച്ച 20 വർഷം തടവ് ശിക്ഷയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഫെബ്രുവരിയിൽ ഹൈക്കോടതി വിധി പ്രകാരം ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികൻ നൽകിയ അപ്പീൽ പരിഗണിച്ച് കൊണ്ടായിരുന്നു കോടതി നടപടി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ 20 വർഷമാക്കി കുറച്ചിരുന്നു.
പിഗാരെസ് ഇതിനോടകം ഏകദേശം 10 വർഷം തടവിൽ കഴിഞ്ഞിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ഹൈക്കോടതി വിധിച്ച ശിക്ഷയുടെ പകുതിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യാൻ താൽപ്പര്യപ്പെടുന്നു എന്നും വ്യക്തമാക്കി.
വിചാരണക്കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി സെഷൻസ് കേസ് നമ്പർ 203/2016മായി ബന്ധപ്പെട്ട് പിഗാരെസിനെ ജാമ്യത്തിൽ വിടാൻ കോടതി നിർദ്ദേശിച്ചു.
അപ്പീലുമായി ബന്ധപ്പെട്ട് വൈദികന് വേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്തും, കേരള സംസ്ഥാനത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥുമാണ് ഹാജരായത്.











