11:16am 25 June 2026
NEWS
യഡിയൂരപ്പയ്‌ക്ക് എതിരായ പോസ്‌കോ കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
04/12/2025  12:07 PM IST
വിഷ്ണുമംഗലം കുമാർ
യഡിയൂരപ്പയ്‌ക്ക് എതിരായ പോസ്‌കോ കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

 കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യഡിയൂരപ്പ പ്രതിയായ പോസ്കോ കേസിൽ പ്രത്യേക കോടതിയുടെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വ്യവഹാരം പതിവാക്കിയ ഒരു സ്ത്രീയാണ് 2024 മാർച്ച്‌ പതിനാലിന് യഡിയൂരപ്പയ്‌ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പതിനേഴുകാരിയായ തന്റെ മകളെ യഡിയൂരപ്പ മാനഭംഗപ്പെടുത്തി എന്നായിരുന്നു പരാതി. മകളെയും കൂട്ടി ആ സ്ത്രീ ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ട് യഡിയൂരപ്പയുടെ ബംഗളുരുവിലെ ഡോളർ കോളനിയിലെ വീട്ടിൽ ചെന്നിരുന്നു. ആ അവസരത്തിൽ മകളെ യഡിയൂരപ്പ അകത്തേ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടത്. ലോകസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത മുന്നിൽ കണ്ട സിദ്ധരാമയ്യ ഗവണ്മെന്റ് യഡിയൂരപ്പയുടെ പ്രായമോ സമൂഹത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനമോ പരിഗണിക്കാതെ പോസ്കോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സി ഐ ഡിയ്‌ക്ക് വിട്ടു. ( രാഷ്ട്രീയ ഗൂഡാലോചന യുടെ ഭാഗമാണ് പരാതിയെന്ന് ബിജെപി ആരോപിച്ചിരുന്നു) ആ സംഭവം നടന്നു എന്നുപറയുന്ന സമയത്ത് യഡിയൂരപ്പയുടെ സഹായികളും സന്ദർശകരുമുൾപ്പെടെ കുറേപ്പേരുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്ത് സംഭവം ഒതുക്കിത്തീർക്കാൻ പിന്നീട് യഡിയൂരപ്പ ശ്രമം നടത്തി എന്നും പരാതിയിലുണ്ട്. യഡിയൂരപ്പയെ കുടുക്കി ബിജെപിയെ ദുർബ്ബലപ്പെടുത്താനുള്ള അവസരമാണ് കോൺഗ്രസ്സ് ഗവണ്മെന്നിന് കൈവന്നത്. അതിന് മുമ്പും ചില പ്രമുഖരുടെ പേരിൽ ആ സ്ത്രീ സമാന പരാതികൾ നൽകിയിരുന്നു. യഡിയൂരപ്പയ്‌ക്ക് എതിരായ പരാതിയിൽ ഉറച്ചുനിൽക്കാൻ അവർക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നത്രെ. കേസിൽ ഗവണ്മെന്റ് പ്രത്യേക താല്പര്യമെടുത്തു. മാരകരോഗം ബാധിച്ചിരുന്ന പരാതിക്കാരി അതിനിടയിൽ മരണമടഞ്ഞെങ്കിലും അവരുടെ സഹോദരൻ കേസുമായി മുന്നോട്ടുപോയി. ആരോപിക്കപ്പെട്ട കുറ്റം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ പ്രത്യേക കോടതി നടപടികൾ ആരംഭിച്ചു. യഡിയൂരപ്പ നേരിട്ട് ഹാജരാകണമെന്നാണ് പ്രത്യേകകോടതി നിർദ്ദേശിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യഡിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് യഡിയൂരപ്പയെ ഒഴിവാക്കാനാവുമോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അതുംകൂടി പരിഗണിച്ചുകൊണ്ട് പ്രത്യേക കോടതി  വിചാരണ നടപടി ആരംഭിച്ചു. യഡിയൂരപ്പയ്ക്കും മറ്റു പ്രതികൾക്കും നോട്ടീസയച്ചു. എഫ് ഐ ആർ റദ്ദാക്കാനുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്നാണ് യഡിയൂരപ്പ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത് എൺപത്തിരണ്ടുകാരനായ യഡിയൂരപ്പയ്ക്ക് തെല്ലാശ്വാസം പകർന്നിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര യാണ് അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img