07:33pm 24 September 2026
NEWS
മരുന്നുകളുടെ കൊള്ളവിലയ്‌ക്കെതിരെ സുപ്രീം കോടതി; കാൻസർ മരുന്നിന്റെ വിലവർധനയെ 'പിടിച്ചുപറി' എന്ന് വിശേഷിപ്പിച്ചു
23/09/2026  08:43 AM IST
സുരേഷ് വണ്ടന്നൂർ
മരുന്നുകളുടെ കൊള്ളവിലയ്‌ക്കെതിരെ സുപ്രീം കോടതി; കാൻസർ മരുന്നിന്റെ വിലവർധനയെ പിടിച്ചുപറി എന്ന് വിശേഷിപ്പിച്ചു

ന്യൂഡൽഹി: ചില്ലറ വിൽപ്പനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന മരുന്നുകൾ രോഗികൾക്ക് ഉയർന്ന പരമാവധി ചില്ലറ വിൽപ്പന വിലയിൽ  വിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മരുന്നുവില നിയന്ത്രണങ്ങളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച കോടതി, ഈ അമിത ലാഭക്കൊള്ളയെ 'പിടിച്ചുപറി' (Extortion) എന്നാണ് വിശേഷിപ്പിച്ചത്.
​ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരങ്ങിയ ബെഞ്ചാണ് മരുന്നുവില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്.
​ ചില്ലറ വിൽപ്പനക്കാർക്ക് 2,700 രൂപയ്ക്ക് നൽകുന്ന ഒരു ജീവൻരക്ഷാ കാൻസർ മരുന്നിന്റെ എം.ആർ.പി 27,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അതായത് നൽകുന്ന വിലയുടെ പത്തിരട്ടിയാണ് രോഗിയിൽ നിന്ന് ഈടാക്കുന്നത്.
​ "ഇത് പിടിച്ചുപറിയല്ലെങ്കിൽ പിന്നെ എന്താണ്? മരുന്നുകൾ വാങ്ങാൻ ആളുകൾ വീടുകളും ആഭരണങ്ങളും വിൽക്കേണ്ടി വരുന്നു," എന്ന് ജസ്റ്റിസ് സന്ദീപ് മേഹ്ത വാദത്തിനിടയിൽ നിരീക്ഷിച്ചു.2013-ലെ ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ (DPCO) ഷെഡ്യൂളിൽ പെടാത്ത മരുന്നുകളുടെ പ്രാരംഭ വില നിയന്ത്രിക്കുന്നില്ലെന്ന് ഹർജിക്കാരൻ കിഷൻ ചന്ദ് ജെയ്ൻ കോടതിയെ അറിയിച്ചു.
​ വിപണിയിലുള്ള ഏകദേശം 60,000 ബ്രാൻഡുകളിൽ 5,000 എണ്ണം മാത്രമാണ് നിലവിലെ വില നിയന്ത്രണ പരിധിയിൽ വരുന്നത്. വിപണിയിലെ 82 ശതമാനത്തോളം മരുന്നുകളും ഈ നിരീക്ഷണത്തിന് പുറത്താണ്.
​അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് വില താരതമ്യം ചെയ്യാൻ അവസരമില്ലാത്ത അവസ്ഥ മുതലെടുത്താണ് പല കമ്പനികളും അമിത വില ഈടാക്കുന്നത്. ഔഷധ വില നിയന്ത്രണ സംവിധാനം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സുപ്രീം കോടതി ഇടപെടൽ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img