04:43am 10 November 2026
NEWS
ദേവികുളം എംഎൽഎയായി എ രാജയ്ക്ക് തുടരാമെന്ന് സുപ്രീംകോടതി
06/05/2025  12:04 PM IST
nila
ദേവികുളം എംഎൽഎയായി എ രാജയ്ക്ക് തുടരാമെന്ന് സുപ്രീംകോടതി

ദേവികുളം നിയമസഭാ മണ്ഡലത്തിലെ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കി. ദേവികുളം എംഎൽഎയായി എ രാജയ്ക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എ രാജയ്ക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാൻഅർഹത ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയാണ് പരമോന്നത നീതിപിഠത്തിന്റെ വിധി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എ. അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ്  എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി ഡി കുമാറിനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർത്ഥി എ രാജ വിജയിച്ചത്. എന്നാൽ, എ രാജ ക്രിസ്തുമതം സ്വീകരിച്ചെന്നും അതിനാൽ സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നും കാട്ടി ഡി കുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ഡി കുമാറിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി, 2023 മാർച്ചിൽ തെരഞ്ഞെടുപ്പ്‌ അസാധുവാക്കി. സംവരണസീറ്റിൽ മത്സരിക്കാൻ രാജയ്‌ക്ക്‌ യോഗ്യതയില്ലെന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി വിധി. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌തിരുന്നു. എ രാജയ്‌ക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരി, അഡ്വ. ജി പ്രകാശ്‌ എന്നിവർ ഹാജരായി.

എ രാജയ്‌ക്ക്‌ അധികൃതർ അനുവദിച്ച ജാതിസർട്ടിഫിക്കറ്റിന്റെ നിയമസാധുത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ആശ്‌ചര്യം പ്രകടിപ്പിച്ചിരുന്നു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം എ രാജയുടെ അച്ഛന്റെ മാതാപിതാക്കൾക്ക്‌ ലഭിക്കില്ലെന്ന എതിർഭാഗത്തിന്റെ വാദവും സുപ്രീംകോടതി ചോദ്യം ചെയ്‌തു.

1951ലെ ഉത്തരവ്‌ അനുസരിച്ച്‌ രാജയുടെ പിതാവിന്റെ മാതാപിതാക്കൾ ‘സ്ഥിരനിവാസികളായി’ കണക്കാക്കാൻ സാധിക്കില്ലെന്ന്‌ ആയിരുന്നു ഡി കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദർഹൂഡയുടെ വാദം. ആ ഉത്തരവിലെ ‘സ്ഥിരനിവാസി’ എന്ന പ്രയോഗത്തെ വ്യാഖാനിക്കുന്ന കോടതിയുടെ മുൻഉത്തരവുകൾ ഹാജരാക്കാൻ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ നിർദേശിച്ചു. കൃത്യമായ വ്യാഖാനമുള്ള വിധിന്യായങ്ങൾ ലഭ്യമല്ലെന്നും സമാനമായ വിഷയത്തിലുള്ള മറ്റ്‌ വിധിന്യായങ്ങൾ ഉപയോഗിച്ച്‌ വാദങ്ങൾ സ്ഥാപിക്കാൻ അനുവദിക്കണമെന്നും നരേന്ദർഹൂഡ അപേക്ഷിച്ചു. എന്നാൽ, ഈ അപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും പഴയവാദങ്ങൾ ആവർത്തിച്ച്‌ കോടതിയുടെ സമയം പാഴാക്കരുതെന്നും സുപ്രീംകോടതി തിരിച്ചടിച്ചു. രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തമിഴ്‌നാട്ടിലെ സ്ഥിരവാസികളാണെന്ന നരേന്ദർഹൂഡയുടെ വാദവും ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അംഗീകരിച്ചില്ല.

തമിഴ്നാട്ടിൽ നിന്നും കുടിയേറിയവരാണ് രാജയുടെ പൂർവികർ. കുടിയേറുന്ന സമയത്ത് തമിഴ്നാട്ടിൽ സംവരണത്തിന് അർഹത ഉണ്ടായിരുന്ന ഹിന്ദു പറയർ വിഭാഗക്കാരായിരുന്നു രാജയുടെ കുടുംബം. അതിനാൽ കേരളത്തിലും സംവരണത്തിന് അർഹത തുടരും എന്നായിരുന്നു രാജയുടെ വാദം. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പാണ് തന്റെ പൂർവികർ കേരളത്തിലേക്ക് കുടിയേറിയത് എന്നും വാദത്തിനിടെ രാജ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img