
ന്യൂഡൽഹി: നിർമാണ പുരോഗതിക്ക് അനുസരിച്ചാണോ ബാങ്ക് ബിൽഡർക്ക് ഭവനവായ്പാ തുക കൈമാറിയതെന്ന് പരിശോധിക്കാതെ, വീട് വാങ്ങിയവരോട് വായ്പാ ഗഡുക്കൾ അടയ്ക്കാൻ ഇടക്കാല ഉത്തരവിലൂടെ നിർദേശിക്കരുതെന്ന് സുപ്രീം കോടതി. വായ്പയെടുത്തവർ വീഴ്ച വരുത്തിയതായി വ്യക്തമായ കണ്ടെത്തൽ ഉണ്ടായ ശേഷമേ അത്തരമൊരു നിർദേശം നൽകാവൂ എന്നും കോടതി വ്യക്തമാക്കി.
ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിൽ രഹേജ ഡെവലപ്പേഴ്സ് ലിമിറ്റഡ് ആരംഭിച്ച ‘കൃഷ്ണ ഹൗസിങ് സ്കീം’ പദ്ധതിയിലെ വീട് വാങ്ങിയവർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ബിൽഡറും ബാങ്ക് അധികൃതരും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ആദ്യം നിർണയിക്കേണ്ടത് ബന്ധപ്പെട്ട കോടതിയുടെ ബാധ്യതയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ബാങ്ക്, ബിൽഡർ, വീട് വാങ്ങുന്നയാൾ എന്നിവർ ഒപ്പുവെച്ച ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചാണോ വായ്പാ തുക വിതരണം ചെയ്തതെന്നും പരിശോധിക്കണം. ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് ഹർജിക്കാർക്കോ സമാന സാഹചര്യത്തിലുള്ള മറ്റ് ഭവനവാങ്ങുന്നവർക്കോ എതിരെ നിർബന്ധനടപടികൾ സ്വീകരിക്കരുതെന്ന് സിവിൽ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.
ഭവനവായ്പയുമായി ബന്ധപ്പെട്ട് ഹർജിക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും രഹേജ ഡെവലപ്പേഴ്സും തമ്മിലാണ് ത്രികക്ഷി കരാർ ഒപ്പുവെച്ചിരുന്നത്. നിർമാണ പുരോഗതിക്ക് അനുസരിച്ച് വായ്പാ തുക കൈമാറണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നിട്ടും, നിർമാണത്തിൽ പുരോഗതിയില്ലാതെ ബാങ്ക് ബിൽഡർക്ക് പണം നൽകിയെന്നാണ് ഹർജിക്കാരുടെ ആരോപണം. ബിൽഡർ കരാറിലെ ബാധ്യതകൾ പാലിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
2025 ഓഗസ്റ്റിൽ രഹേജ ഡെവലപ്പേഴ്സ് കോർപ്പറേറ്റ് പാപ്പരത്ത പരിഹാര നടപടിക്രമത്തിലേക്ക് കടന്നു. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനു മുമ്പാകെ, വീട് വാങ്ങിയവരുടെ തുക ആറു പ്രതിമാസ ഗഡുക്കളായി തിരികെ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു.
ഈ നടപടികൾ തുടരുന്നതിനിടെയാണ് എസ്.ബി.ഐ. ഹർജിക്കാർക്കെതിരെ ഡൽഹി സാകേത് കോടതികളിലെ വാണിജ്യ കോടതിയിൽ വായ്പാ തിരിച്ചുപിടിക്കൽ കേസുകൾ നൽകിയത്. വായ്പാ ഗഡുക്കൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ കോടതി ഇടക്കാല ഉത്തരവുകളും പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേസിന്റെ ഗുണദോഷങ്ങളിൽ അന്തിമ അഭിപ്രായം രേഖപ്പെടുത്താതെയാണ് ബെഞ്ച് സംരക്ഷണം അനുവദിച്ചത്.
നിർമാണം നിലച്ച ഭവനപദ്ധതികളിൽ വായ്പയെടുത്തവർക്കെതിരായ നിർബന്ധിത തിരിച്ചുപിടിക്കൽ നടപടികളിൽ സുപ്രീം കോടതി നേരത്തെയും ഇടപെട്ടിരുന്നു. 2024-ൽ ഡൽഹി–നോയ്ഡ മേഖലയിലെ വിവിധ പദ്ധതികളിലെ ഭവനവാങ്ങുന്നവർക്ക് നൽകിയ ഇടക്കാല സംരക്ഷണത്തിൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളും ഉൾപ്പെട്ടിരുന്നു.
ദേശീയ തലസ്ഥാന മേഖലയിലെ ബിൽഡർമാരും ബാങ്കുകളും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധത്തിൽ പിന്നീട് കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏഴ് പ്രാഥമിക അന്വേഷണങ്ങൾ രജിസ്റ്റർ ചെയ്യാൻ സി.ബി.ഐക്ക് നിർദേശം നൽകിയ കോടതി, തുടർന്ന് 28 റെഗുലർ കേസുകൾ രജിസ്റ്റർ ചെയ്യാനും അനുമതി നൽകി. കുറ്റപത്രങ്ങൾ സമർപ്പിച്ച കേസുകളിൽ നിയമാനുസൃതമായി തുടർനടപടി സ്വീകരിക്കാനും ബന്ധപ്പെട്ട മെട്രോപൊളിറ്റൻ മജിസ്ട്രേറ്റുമാരോട് നിർദേശിച്ചിരുന്നു.










