02:44pm 28 July 2026
NEWS
പോലീസ് ചോദ്യം ചെയ്യലിൽ ഉടനീളം അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി
28/07/2026  10:55 AM IST
നിയമകാര്യ ലേഖകൻ
പോലീസ് ചോദ്യം ചെയ്യലിൽ ഉടനീളം അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (BNSS) സെക്ഷൻ 38 അനുസരിച്ച് ചോദ്യം ചെയ്യ വേളയിൽ പ്രതിക്ക് അഭിഭാഷകനെ കാണാനുള്ള അവകാശമുണ്ടെങ്കിലുംചോദ്യം ചെയ്യൽ പ്രക്രിയയിലുടനീളം അഭിഭാഷകന് ഭൗതികമായി സന്നിഹിതനാകാൻ നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
​ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
​കേസിലെ പശ്ചാത്തലം
​പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്ന വേളയിൽ രണ്ട് അഭിഭാഷകരെ നാമനിർദ്ദേശം ചെയ്യാനും, ചോദ്യം ചെയ്യലിന്റെ ഏത് ഘട്ടത്തിലും ഇതിലൊരാൾക്ക് സന്നിഹിതനാകാനും അനുവദിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻപ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകന് തുടർച്ചയായി സാന്നിധ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
​സുപ്രീം കോടതിയുടെ നീരീക്ഷണം
​സംസ്ഥാന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉപാധിയിൽ ഭേദഗതി വരുത്തി.
​"ബി.എൻ.എസ്.എസ് സെക്ഷൻ 38 നൽകുന്ന അവകാശം ചോദ്യം ചെയ്യൽ വേളയിൽ ഇഷ്ടമുള്ള ഒരു അഭിഭാഷകനെ കാണാനുള്ളത് മാത്രമാണ്. എന്നാൽ ഇത് ചോദ്യം ചെയ്യലിന്റെ ഉടനീളം അഭിഭാഷകന്റെ തുടർച്ചയായ സാന്നിധ്യം അനുവദിക്കുന്നില്ല," എന്ന് കോടതി നിരീക്ഷിച്ചു.
​അന്വേഷണത്തിന് തടസ്സമാകാത്ത രീതിയിൽ, പ്രതിയെ കാണാൻ സാധിക്കുന്ന വിധത്തിൽ  അഭിഭാഷകന് സന്നിഹിതനാകാം, എന്നാൽ കേസിന്റെ ചോദ്യം ചെയ്യൽ പ്രക്രിയ തടസ്സപ്പെടുത്തുന്ന രീതിയിൽ സർവ്വതന്ത്ര സ്വതന്ത്രമായ സാന്നിധ്യം നിയമം വിഭാവനം ചെയ്യുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img