
ന്യൂഡൽഹി:മുത്തച്ഛന്റെ സ്വത്ത് സെക്ഷൻ 8 പ്രകാരം മക്കൾക്ക് ലഭിക്കുകയും അത് വിഭജിക്കപ്പെടുകയും ചെയ്താൽ, ആ ഓഹരി പിതാവിന്റെ തനത് സ്വത്തായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ സ്വത്തിൽ മകന് (പേരക്കുട്ടിക്ക്) ജന്മാവകാശമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം ലഭിക്കുന്ന സ്വത്ത് പിതാവ് തന്റെ വ്യക്തിഗത ശേഷിയിലാണ് (Individual Capacity) കൈവശം വെക്കുന്നത്. അതുകൊണ്ട് തന്നെ അത് കൂട്ടുകുടുംബ സ്വത്തായി കണക്കാക്കാനാവില്ല.
മുത്തച്ഛന്റെ സ്വത്തിൽ നിന്ന് വിഭജനത്തിലൂടെ പിതാവിന് ലഭിച്ച ഭൂമിയിൽ പകുതി ഓഹരി ആവശ്യപ്പെട്ട് പേരക്കുട്ടി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പിതാവ് ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ സ്വത്തിൽ മകന് അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചു: മുത്തച്ഛന്റെ മരണശേഷം വിഭജനത്തിലൂടെ പിതാവിന് ലഭിച്ച സ്വത്തിൽ മകന് ജന്മാവകാശം ലഭിക്കില്ലെന്നും, അതിനാൽ അയാൾക്ക് അതിൽ വിഭജനം ആവശ്യപ്പെടാൻ അർഹതയില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി ശരിവെച്ചത്.











