10:42pm 07 September 2026
NEWS
അധ്യാപകരെ വഞ്ചിക്കാൻ 'അക്ഷരത്തെറ്റുകൾ' ആയുധമാക്കരുത്; യു.ജി.സി ശമ്പള സ്കെയിൽ കേസിൽ സർവകലാശാലകൾക്ക് സുപ്രീം കോടതിയുടെ ശക്തമായ പാഠം


06/09/2026  09:33 AM IST
സുരേഷ് വണ്ടന്നൂർ
അധ്യാപകരെ വഞ്ചിക്കാൻ അക്ഷരത്തെറ്റുകൾ ആയുധമാക്കരുത്; യു.ജി.സി ശമ്പള സ്കെയിൽ കേസിൽ സർവകലാശാലകൾക്ക് സുപ്രീം കോടതിയുടെ ശക്തമായ പാഠം

തിരുവനന്തപുരം:​സർവകലാശാലകളിൽ അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ 'അച്ചടിപ്പിഴവുകൾ' എന്ന പേരിൽ ഭരണപരമായ കുടിലായ അടവുകൾ പയറ്റുന്നവർക്ക് കനത്ത തിരിച്ചടിയുമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളിൽ വന്നുപോകുന്ന ടൈപ്പോഗ്രാഫിക്കൽ പിഴവുകളുടെ പേര് പറഞ്ഞ് അധ്യാപകർക്ക് അർഹമായ യു.ജി.സി (UGC) ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കാൻ സർവകലാശാലകൾക്ക് യാതൊരു അവകാശവുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നു.
​ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ യാഷ് മിത്തലിന് നിയമന തീയതി മുതൽ അർഹമായ ശമ്പള സ്കെയിലും കുടിശ്ശികയും നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഈ ചരിത്രപരമായ നിരീക്ഷണം നടത്തിയത്.
​2016-ൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ വിജ്ഞാപനത്തിൽ ₹37,400–67,000 പേ ബാണ്ടും ₹9,000 അക്കാദമിക് ഗ്രേഡ് പേയുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിയമനം ലഭിച്ചപ്പോൾ സർവകലാശാല ഇതിലും താഴെയുള്ള ശമ്പള സ്കെയിലാണ് അദ്ദേഹത്തിന് നൽകിയത്. വിജ്ഞാപനത്തിൽ സംഭവിച്ചത് ഒരു 'ടൈപ്പോഗ്രാഫിക്കൽ പിഴവ്' മാത്രമാണെന്നായിരുന്നു സർവകലാശാലയുടെ വാദം. ഈ വിചിത്ര ന്യായത്തിന് ഹൈക്കോടതിയും കുടപിടിച്ചതോടെ നീതി തേടി യാഷ് മിത്തലിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു.
​എന്നാൽ, നിയമവ്യവസ്ഥയെയും സർക്കാരിന്റെയും യു.ജി.സിയുടെയും മാർഗനിർദ്ദേശങ്ങളെയും കാറ്റിൽപ്പറത്താൻ സർവകലാശാലകൾക്ക് ആകില്ലെന്ന് കോടതി തീർത്തുപറഞ്ഞു. പരസ്യത്തിലെ വ്യവസ്ഥകളും നിയമപരമായ ചട്ടങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടായാൽ ചട്ടങ്ങൾക്കാണ് എപ്പോഴും മുൻഗണനയെന്ന് കോടതി ഓർമ്മിപ്പിച്ചു.
​"വിദ്യാർത്ഥികൾക്ക് ജ്ഞാനം പകരുന്ന അധ്യാപകരെ സർവകലാശാലകൾ ആദരിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും വേണം" എന്ന് വളരെ അർത്ഥവത്തായ നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്. കേവലം ഭരണപരമായ പിഴവുകളുടെ പേരിൽ ഒരു അധ്യാപകനെ വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിട്ട സർവകലാശാലയുടെ നടപടിയെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു. നിയമന തീയതി മുതൽ കണക്കാക്കി കുടിശ്ശികയടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും യാഷ് മിത്തലിന് നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഈ നിയമപോരാട്ടത്തിന് വിരാമമിട്ടത്.
​അധ്യാപകരുടെ സേവന അവകാശങ്ങൾ ചോർത്തിക്കളയാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവണതകൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി മാറുകയാണ് ഈ സുപ്രീം കോടതി വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img