09:05pm 26 November 2026
NEWS
കെ.യു.ഡബ്ലിയു.ജെയുടെ ഡൽഹി ഘടകത്തിൻറെ ഹർജിയിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ
26/11/2026  08:10 PM IST
nila
കെ.യു.ഡബ്ലിയു.ജെയുടെ ഡൽഹി ഘടകത്തിൻറെ ഹർജിയിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ
HIGHLIGHTS

ഡൽഹി സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ 7 മലയാളി മാധ്യമ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തത് അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്.

 

ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ആരോപണങ്ങൾ പരിശോധിക്കുക. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. വാദം കേൾക്കുന്നതിനിടെ, കെ.യു.ഡബ്ലിയു.ജെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വി. ദിനേശ്, ഏഴ് മാധ്യമപ്രവർത്തകർ പോലീസ് അതിക്രമത്തിന് ഇരയായതായി ചൂണ്ടിക്കാട്ടി. അവരെ സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കാതെ ഡൽഹി പോലീസ് ഒരു സംയുക്ത എതിർ സത്യവാങ്മൂലമാണ് ഫയൽ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തരുടെയും ആരോപണങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്ന വെവ്വേറെ എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ അധികൃതരോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

മാധ്യമപ്രവർത്തകർ യാതൊരുവിധ പ്രത്യേക ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നില്ലെന്നും, തങ്ങളുടെ തൊഴിൽപരമായ കടമകൾ നിർവഹിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് തേടുന്നതെന്നും ദിനേശ് വ്യക്തമാക്കി. 'ഞങ്ങൾ കേവലം മാധ്യമപ്രവർത്തകരാണ്, അംഗീകൃത മാധ്യമപ്രവർത്തകർ. ഞങ്ങളുടെ ജോലി ചെയ്യാൻ അനുവദിക്കൂ,' അദ്ദേഹം വാദിച്ചു. ഏഴ് മാധ്യമപ്രവർത്തകരും പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണെന്നും, കേവലം സോഷ്യൽ മീഡിയയ്ക്ക് വേണ്ടി ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന വ്യക്തികൾ മാത്രമല്ലെന്നും ദിനേശ് കൂട്ടിച്ചേർത്തു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അംഗീകൃത മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഏഴ് മലയാളി മാധ്യമപ്രവർത്തകരെ തടങ്കലിൽ വെച്ചതിലും കൈയേറ്റം ചെയ്തതിലും തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഭരണഘടനാപരമായ സംരക്ഷണം പരിശോധിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് തേടുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. തുടർന്ന്, യൂണിയൻ നൽകിയ ഹരജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് കൈമാറി സുപ്രീം കോടതി തീർപ്പാക്കി. കെ.യു.ഡബ്ലിയു.ജെ. ഡൽഹി ഘടകം സെക്രട്ടറിയായിരിക്കെ ഡോ. ഡി. ധനസുമോദ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. അഡ്വ. ആൻ മാത്യു മുഖേനയാണ് കെ.യു.ഡബ്ലിയു.ജെ. ഹരജി സമർപ്പിച്ചത്. 

പോലീസ് അതിക്രമത്തിനും നടപടിക്കും ഇരയായ മാധ്യമപ്രവർത്തകരും നേരിട്ട അനുഭവങ്ങളും:

 * സുഹൈൽ മുഹമ്മദ് (ചീഫ് റിപ്പോർട്ടർ, ന്യൂസ് ആങ്കർ - 24 ന്യൂസ്): സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് ചിത്രീകരിക്കുന്നതിനിടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും കോടതി ഉത്തരവ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടും ഇദ്ദേഹത്തെ എടുത്തുയർത്തി മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
 * വി.എസ്. രാഹുൽ (ക്യാമറാമാൻ - 24 ന്യൂസ്): സമാനമായ സാഹചര്യത്തിൽ ഇദ്ദേഹത്തെ ബലമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി.
 * സജിൻ (ഏഷ്യാനെറ്റ് ന്യൂസ്, കെയുഡബ്ല്യുജെ അംഗം): സുഹൈലിനെ വലിച്ചിഴയ്ക്കുന്നത് കണ്ട് ഇടപെട്ടതിനും, പോലീസ് നടപടിയെ ചോദ്യം ചെയ്തതിനുമുള്ള പ്രതികാരമായി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
 * റോഷ്നി രാജൻ (വനിതാ മാധ്യമപ്രവർത്തക - റിപ്പോർട്ടർ ടിവി): പ്രസ് കാർഡ് ധരിക്കുകയും അത് ആവർത്തിച്ച് കാണിക്കുകയും ചെയ്തിട്ടും വലിച്ചിഴച്ച് കൊണ്ടുപോയി മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചു.
 * ഫർസാന (ഫർസ ടി.എം - വനിതാ മാധ്യമപ്രവർത്തക, റിപ്പോർട്ടർ ടിവി): പ്രസ് കാർഡ് ആവർത്തിച്ച് കാണിച്ചിട്ടും വലിച്ചിഴച്ച് കൊണ്ടുപോയി മണിക്കൂറുകളോളം തടങ്കലിൽ വെച്ചു. 

 * വിഷ്ണുപ്രസാദ് (പ്രസ് ഫോട്ടോഗ്രാഫർ - മാതൃഭൂമി ഡെയിലി )തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയും ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.
 * മിജി പി. ജോസ് റിപ്പോർട്ടർ - മനോരമ ന്യൂസ്): തത്സമയ റിപ്പോർട്ടിംഗിനിടെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും അപമാനിക്കുകയും കൈ ക്രൂരമായി പിരിച്ചുതിരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img