
ന്യൂഡൽഹി:വർഷങ്ങളോളം കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്തതിനുശേഷം സ്ഥിരനിയമനം ലഭിച്ച ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു സുപ്രധാന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. സ്ഥിരീകരണത്തിന് മുൻപ് ഇത്തരത്തിൽ സേവനം അനുഷ്ഠിച്ച കാലയളവ് പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി യോഗ്യതയുള്ള സേവനമായി (Qualifying Service) കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചാബ് സ്കൂൾ എജ്യുക്കേഷൻ ബോർഡിന്റെ (PSEB) അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഈ ചരിത്രപ്രധാനമായ വിധി.
പോരാട്ടത്തിന്റെ തുടക്കം
1993-നും 1996-നും ഇടയിൽ ക്ലർക്കുമാരായും പ്യൂണുകളായും കരാർ, അധിഹോക്, ദിവസക്കൂലി, വർക്ക്-ചാർജ്ഡ് അടിസ്ഥാനത്തിൽ ജോടിയിൽ പ്രവേശിച്ചവരാണ് ഈ കേസിലെ ജീവനക്കാർ. 89 ദിവസത്തെ ചെറിയ ഇടവേളകളിലായി ദീർഘകാലം ജോലി തുടർന്ന ഇവരെ, നീണ്ട നിയമപോരാട്ടങ്ങൾക്കും സേവനത്തിലെ കൃത്രിമമായ തടസ്സങ്ങൾക്കും ഒടുവിൽ 2004 ഓഗസ്റ്റിലാണ് അധികൃതർ സ്ഥിരപ്പെടുത്തിയത്.
പുതിയ പെൻഷൻ പദ്ധതിയുടെ കെണി
എന്നാൽ, യഥാർത്ഥ പ്രതിസന്ധി ഉടലെടുത്തത് തൊഴിൽദാതാക്കളുടെ ഭാഗത്തുനിന്നായിരുന്നു. പഞ്ചാബ് സർക്കാർ 2004 ജനുവരി 1 മുതൽ പുതിയ 'ഡിഫൈൻഡ് കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം' (Defined Contributory Pension Scheme) നടപ്പിലാക്കിയിരുന്നു. ഈ പുതിയ സ്കീമിൽ ജീവനക്കാരെ ഉൾപ്പെടുത്താനായി, 2004 ഓഗസ്റ്റിൽ സ്ഥിരീകരണം ലഭിച്ച ഇവരെ 'പുതിയ നിയമനം' ലഭിച്ചവരായി ചിത്രീകരിക്കാൻ ബോർഡ് ശ്രമിച്ചു. തങ്ങൾ അതിനും എത്രയോ മുൻപ് സർവീസിൽ പ്രവേശിച്ചവരായതിനാൽ പഴയ പെൻഷൻ പദ്ധതിക്ക് അർഹരാണെന്ന് ജീവനക്കാർ വാദിച്ചെങ്കിലും ബോർഡ് ഇത് അംഗീകരിച്ചിരുന്നില്ല.
സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ
ജീവനക്കാരുടെ വാദം അംഗീകരിച്ച സുപ്രീം കോടതി, ബോർഡിന്റെ വാദങ്ങളെ ശക്തമായി എതിർത്തു. 2004-ലെ നിയമന ഉത്തരവുകളിൽ 'അപ്പോയിന്റ്മെന്റ്' എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ജീവനക്കാർ പുതിയ ജീവനക്കാരാകുന്നില്ലെന്നും, അത് അവരുടെ മുൻകാല സേവനം ക്രമവൽക്കരിക്കൽ (Regularisation) മാത്രമാണെന്നും കോടതി വ്യക്തമാക്കി.
കൂടാതെ, തങ്ങൾ ഒരു സ്വയംഭരണ സ്ഥാപനമായതിനാൽ സർക്കാരിന്റെ റെഗുലറൈസേഷൻ നയങ്ങൾക്ക് ബാധ്യതയില്ലെന്ന ബോർഡിന്റെ വാദവും കോടതി തള്ളി. ബോർഡ് സ്വമേധയാ ആ നയം അംഗീകരിച്ചിട്ടുള്ളതിനാൽ, അതിന്റെ നിയമപരമായ അനന്തരഫലങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. 'ഹർബൻ ലാൽ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്' കേസിലെ മുൻവിധിയെ പിന്തുണച്ചുകൊണ്ടാണ് കോടതി ജീവനക്കാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.
ഒരു വലിയ സന്ദേശം
താല്ക്കാലിക സേവന കാലത്തെ മനഃപൂർവ്വം മുറിച്ചു മാറ്റിയോ, പുതിയ പെൻഷൻ പദ്ധതികളുടെ പേരിൽ തീയതികളിൽ കളളത്തരം കാണിച്ചോ ദീർഘകാല സേവനമനുഷ്ഠിച്ച ജീവനക്കാരെ തൊഴിലുടമകൾക്ക് വഞ്ചിക്കാനാകില്ല എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്. ദീർഘകാലത്തെ അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ജീവനക്കാരുടെ പക്ഷത്തുനിന്നുള്ള നീതിപൂർവ്വമായ അന്തിമ വിജയമാണിത്.










