
സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി. വീർ സവർക്കറിനെതിരേ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസ് പരിഗണിക്കവെയാണ് കോടതി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത് ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചയുടൻ, സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിർപ്പ് രേഖപ്പെടുത്തി. വൈസ്രോയിക്കുള്ള കത്തുകളിൽ 'നിങ്ങളുടെ വിശ്വസ്ത ദാസൻ' എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.
'വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോൾ മഹാത്മാഗാന്ധി 'നിങ്ങളുടെ വിശ്വസ്ത ദാസൻ' എന്ന് ഉപയോഗിച്ചിരുന്നതായി നിങ്ങളുടെ കക്ഷിക്ക് അറിയാമോ? എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുത്തശ്ശി (ഇന്ദിരാഗാന്ധി) സ്വാതന്ത്ര്യ സമര സേനാനിയായ മാന്യവ്യക്തിയെ(സവർക്കർ) പ്രശംസിച്ച് ഒരു കത്ത് അയച്ചിരുന്നുവെന്ന് നിങ്ങളുടെ കക്ഷിക്ക് അറിയാമോയെന്നും രാഹുലിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എഎം സിങ്വിയോട് ജസ്റ്റിസ് ദത്ത ചോദിച്ചു. സ്വാതന്ത്ര്യ സമര സേനാനികളോട് പെരുമാറുന്ന രീതി ഇതല്ലെന്നും ജസ്റ്റിസ് ദത്ത രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി.
അദ്ദേഹം ഉന്നത പദവിയുള്ള വ്യക്തിയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ നേതാവാണ്. എന്തിനാണ് ഇങ്ങനെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ഇങ്ങനെ ചെയ്യരുതെന്നും ജസ്റ്റിസ് ദത്ത കുട്ടിച്ചേർത്തു. സവർക്കർക്കെതിരായ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്നൗ കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ട നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, ഭാവിയിൽ അത്തരം പരാമർശങ്ങൾ നടത്തിയാൽ 'സ്വമേധയാ' നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്.
'ഞങ്ങൾ നിങ്ങൾക്ക് സ്റ്റേ അനുവദിക്കും.. പക്ഷേ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് നിങ്ങളെ തടയും. കൂടുതൽ പ്രസ്താവനകൾ നടത്തിയാൽ ഞങ്ങൾ സ്വമേധയാ നടപടി സ്വീകരിക്കും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് എന്തും സംസാരിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. അവർ നമുക്ക് സ്വാതന്ത്ര്യം നൽകി, ഇങ്ങനെയാണോ നമ്മൾ അവരോട് പെരുമാറേണ്ടത്. ജസ്റ്റിസ് ദത്ത പറഞ്ഞു. അത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ വാക്കാൽ ഉറപ്പുനൽകുകയും ചെയ്തു.











