
ന്യൂഡൽഹി: തെങ്ങിൻ കള്ളിലെ എഥൈൽ ആൽക്കഹോളിന്റെ അളവ് 8.98% വരെയാക്കി വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്ന് 2007-ലെ പഴയ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഇത് 8.1% ആയിരുന്നു.
പുതിയ ഉത്തരവോടെ, 2007-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഒരു കൂട്ടം അബ്കാരികൾ നൽകിയ ഹർജികളെ തുടർന്നാണ് സുപ്രീംകോടതിയുടെ ഈ നടപടി.
നേരത്തെ, പല കള്ള് ഷാപ്പുകളിലും നിയമപരമായി നിശ്ചയിച്ച പരിധിക്ക് മുകളിൽ ആൽക്കഹോൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയം പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശ അനുസരിച്ച്, ആൽക്കഹോൾ പരിധി 8.98% വരെയാകാമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസുകൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.











